Kerala

യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

Youth Killed In Thiruvananthapuram

Youth Killed In Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിള സ്വദേശി ആദിത്യനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്.  അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പ്രാഥമിക നിഗമനം അനുസരിച്ച് ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ കാറിലെത്തിയ അഞ്ചംഗ സംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട്‌ സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബൈക്ക് പണയപ്പെടുത്തി ജിവിനിൽ നിന്നും ആദിത്യൻ പണം കടംവാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് വാക്കുപറഞ്ഞിരുന്നത്. ഇതിൽ പതിനായിരം രൂപ ആദ്യം നൽകി. ബാക്കി തുക വാങ്ങാൻ  ആദിത്യൻ എത്തിയപ്പോൾ ജിവിൻ ആദിത്യനെ ആക്രമിച്ചിരുന്നു. ഇതിനു ശേഷം പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തുകയും തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാറിലുണ്ടായിരുന്നവർ വാളുകൊണ്ട് ആദിത്യനെ വെട്ടുകയായിരുന്നു. തുടർന്ന് ഇവർ കാറുപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

വെട്ടേറ്റ ആദിത്യൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.  ഇതിനുപിന്നിൽ നെല്ലിമൂടുള്ള സംഘമാണെന്ന് പറഞ്ഞ പോലീസ് അക്രമിസംഘം എത്തിയ കാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തവേയാണ് സുരേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആദിത്യന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button