ചുരുങ്ങിയ ചെലവില്‍ സൗദിയില്‍ തങ്ങാം; ഹ്രസ്വകാല ട്രാന്‍സിറ്റ് വിസകള്‍
You can stay in Saudi Arabia at minimal cost; Short-term transit visas
റിയാദ്: സൗദി അറേബ്യയിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ നാലു ദിവസം വരെ രാജ്യത്ത് തങ്ങാം. ഇതിന് സൗകര്യം നല്‍കുന്ന ഹ്രസ്വകാല ട്രാന്‍സിറ്റ് വിസകള്‍ക്ക് സൗദി ഭരണകൂടം അന്തിമ അംഗീകാരം നല്‍കി. നിലവിലെ വിസിറ്റ്, ഹജ്, ട്രാന്‍സിറ്റ് വിസാ ഘടനകളില്‍ മാറ്റം വരുത്തിയാണ് പുതിയ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തി.
വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്രക്കാരനായി സൗദി വഴി സഞ്ചരിക്കുന്നവര്‍ക്കെല്ലാം 48 മണിക്കൂര്‍, 96 മണിക്കൂര്‍ കാലാവധിയുള്ള വിസിറ്റ് വിസകള്‍ അനുവദിക്കും. 48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്.
രാജ്യത്തേക്ക് വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ ഹ്രസ്വകാല ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കുന്നത്. മറ്റെവിടേക്കെങ്കിലുമുള്ള യാത്രാ മധ്യേ വിദേശികള്‍ക്ക് ഏതാനും ദിവസങ്ങളില്‍ സൗദിയില്‍ തങ്ങാനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
ഓണ്‍ അറൈവല്‍ വിസ രൂപത്തിലാവും ഇത് അനുവദിക്കുക. ഉംറ തീര്‍ഥാടനത്തിനും ഈ വിസ ഉപയോഗപ്പെടുത്താനാവും. ബിസിനസ് ആവശ്യങ്ങള്‍ക്ക് സൗദിയില്‍ ചുരുങ്ങിയ ചെലവില്‍ ഹ്രസ്വസന്ദര്‍ശനം നടത്താനും ഇത് ഉപകാരപ്പെടും. പുതിയ തീരുമാനം രാജ്യത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പ്രൊഫഷനല്‍ സ്റ്റാറ്റസ്, യോഗ്യത തുടങ്ങിയ മറ്റെന്തെങ്കിലും നിബന്ധനകള്‍ ഇതിനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.