ഹാഥ്‌റാസ് കേസ് അന്വേക്ഷിക്കുന്നത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന് യോഗി സര്‍ക്കാര്‍
Yogi Sarkar wants Hathuras case to be probed by Supreme Court
ന്യൂഡല്‍ഹി: ഹാഥ്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷം ആണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഹാഥ്‌റാസ് ബലാത്സംഗ കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സത്യവാങ്മൂലത്തിനൊപ്പം ആവശ്യപ്പെട്ടു.
അലിഗഢ് സര്‍വ്വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ് ഹാഥ്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് സുപ്രീം കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ മൂന്നിന് ഫോറന്‍സിക് വിഭാഗം പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയുന്നത്.
പെണ്‍കുട്ടിയുടെ കഴുത്തിലും പിന്‍ഭാഗത്തും പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ലക്ഷണമില്ലെന്നും ഫോറന്‍സിക് വിഭാഗം പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചിട്ടുണ്ട്. പകല്‍ ആണ് സംസ്‌കാര ചടങ്ങ് നടന്നിരുന്നത് എങ്കില്‍ അക്രമവും കലാപവും ഉണ്ടാകാന്‍ ഇടയുണ്ടാകുമായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചില സ്ഥാപിത താത്പര്യക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നു. തെറ്റായ വ്യഖ്യാനങ്ങള്‍ അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇടപെടണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയോടു ആവശ്യപ്പെട്ടു. ഹാഥ്‌റാസ് ബലാത്സംഗ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് യു പി സര്‍ക്കാര്‍ കോടതിയെ നിലപാടറിയിച്ചത്.