2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനെ വരവേല്‍ക്കാനുള്ള അന്തിമഘട്ട ഒരുക്കത്തിലാണ് ഖത്തര്‍ ഭരണകൂടം. സ്റ്റേഡിയങ്ങള്‍ മുതല്‍ മെട്രോ വരെയുള്ള വന്‍ സന്നാഹങ്ങള്‍ ഖത്തറില്‍ ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടന മല്‍സരത്തന് വേദിയാവുന്ന അല്‍ ഖോറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയം തന്നെയാണ് ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തോടെ നിര്‍മിച്ച സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളും ആരെയും വിസ്മയിപ്പിക്കുന്നതാണ്.
സ്റ്റേഡിയം മുഴുവന്‍ എസി
Photo Credit: QNA
ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ ചൂട് കാലാവസ്ഥ വില്ലനാവുമെന്ന് ചില കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റേഡിയം മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനിച്ചത്. 60,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സ്റ്റേഡിയം ശീതീകരിക്കുന്നതിനുള്ള എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു.
ട്രയല്‍ റണ്‍ ഉടന്‍
Photo Credit: QNA
കൂറ്റന്‍ സ്റ്റേഡിയം മുഴുവന്‍ തണുപ്പിക്കാനുള്ള കൂളിംഗ് പ്ലാന്റ് സംവിധാനത്തിന്റെ ട്രയല്‍ റണ്‍ ഉടനെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള സംഘം പ്ലാന്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്ലാന്റിന് 30,000 ടണ്‍ ശേഷി
Photo Credit: QNA
അല്‍ ബൈത്ത് സ്റ്റേഡിയത്തെ തണുപ്പിക്കുന്നതിനുള്ള പ്ലാന്റിന് 30,000 ടണ്‍ ശേഷിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തണുപ്പിച്ച വെള്ളം ഹീറ്റ് എക്‌സിചേഞ്ചറുകള്‍ വഴി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിവിട്ടാണ് ഇത് സാധ്യമാക്കുക. സ്റ്റേഡിയത്തിലെ ഗാലറിയില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമല്ല, കളിക്കളത്തിലെ കളിക്കാര്‍ക്കും ഇതിന്റെ പ്രയോജനം കിട്ടുന്ന രീതിയിലാവും ഇവ സജ്ജീകരിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
പ്രകൃതി സൗഹൃദ എസി
Photo Credit: QNA
അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം ഏറ്റവും പ്രകൃതി സൗഹൃമാണെന്ന പ്രത്യേകതയുമുണ്ട്. സാധാരണ കൂളിംഗ് സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായി 40 ശതമാനം വൈദ്യുതിയും 98 ശതമാനം ജലവും ലാഭിക്കാന്‍ ഇതിന് കഴിയുമെന്നാണ് അധികൃതരുടെ അവകാശവാദം. ശുദ്ധ ജലത്തിന് പകരം മലിന ജലം സംസ്‌ക്കരിച്ചെടുത്താണ് കൂളിംഗ് പ്ലാന്റിന് ഉപയോഗിക്കുന്നത്.