ഖത്തറില്‍ തൊഴിലാളികളുടെ ഒളിച്ചോട്ടം; റിപ്പോര്‍ട്ടിങ് സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി തൊഴില്‍ മന്ത്രാലയം
Workers flee Qatar The Ministry of Labor is preparing to end the reporting system
ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ഉടന്‍ നിര്‍ത്തലാക്കിയേക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി റിപ്പോര്‍ട്ടിങ് സംവിധാനം നിര്‍ത്തലാക്കിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം അധികം താമസിയാതെ പ്രഖ്യാപിക്കും. ഒളിച്ചോടി പോകുന്ന തൊഴിലാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം റദ്ദാക്കുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദ്ലി പറഞ്ഞു. ഖത്തറിലെ തൊഴില്‍ പരിഷ്‌കരണങ്ങള്‍ എന്ന വിഷയത്തില്‍ മന്ത്രാലയവും കനേഡിയന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് അല്‍ ഉബൈദ്ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നിലവിലെ സംവിധാനം റദ്ദാകുന്നതോടെ ഒളിച്ചോടിയെന്ന നിലയില്‍ തൊഴിലാളികളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടായിരിക്കില്ലെന്ന് അല്‍ ഉബൈദ്ലി പറഞ്ഞു. ഭാവിയിലെ ബാധ്യത ഒഴിവാക്കുന്നതിനായി തൊഴിലാളി ജോലി ഉപേക്ഷിച്ചുവെന്ന കാര്യം തൊഴിലുടമ അറിയിച്ചാല്‍ മതിയാകും. ഒളിച്ചോടിയ തൊഴിലാളിയുടെ സാഹചര്യം മന്ത്രാലയം അന്വേഷിക്കുകയും ബാധകമായ നിയമമനുസരിച്ച് സ്ഥിതി പരിഹരിക്കുകയും ചെയ്യും. തൊഴിലാളിക്ക് പരാതി നല്‍കാനും ജോലി മാറ്റത്തിന് അപേക്ഷിക്കാനും കഴിയും.
ഒളിച്ചോടിയ തൊഴിലാളിക്ക് എല്ലാ അവകാശങ്ങളും നേടാന്‍ അര്‍ഹതയുണ്ട്. ഒളിച്ചോടിയ തൊഴിലാളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവരുടെ ജോലി സാഹചര്യത്തെ ബാധിക്കില്ലെന്നും അല്‍ ഉബൈദ്ലി പറഞ്ഞു. നിലവിലെ സംവിധാനത്തില്‍ തൊഴിലാളി തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കുന്നതിന് മുന്‍പ് തൊഴിലുടമ ഒളിച്ചോട്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് മന്ത്രാലയത്തിന് നല്‍കിയാല്‍ തൊഴില്‍ മാറ്റത്തിന് കഴിയില്ല. ഇതൊഴിവാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
തൊഴില്‍ മാറ്റത്തിന് തൊഴിലാളി തീരുമാനിച്ചാല്‍ തൊഴിലാളിയെ കാണാതായെന്ന തരത്തില്‍ കേസ് നല്‍കാന്‍ തൊഴിലുടമക്ക് സാധിക്കാത്ത വിധത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ഒഴിവാകുന്നതോടെ തൊഴിലാളിക്ക് തൊഴില്‍മാറ്റത്തിന് സാധ്യമാകും. ലേബര്‍ ക്യാമ്പില്‍ കഴിയുമ്പോഴും തൊഴിലാളിയെ കാണാതായെന്ന തരത്തില്‍ കേസുകളും പരാതികളും നല്‍കുന്ന തൊഴിലുടമകളുടെ കാര്യത്തിലും നടപടികളുണ്ടാകും. വേതന സംരക്ഷണ സംവിധാന വ്യവസ്ഥ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അല്‍ഉബൈദ്ലി പറഞ്ഞു.