Kerala

നാവിക സേനയിലും പെണ്‍കരുത്ത്; യുദ്ധക്കപ്പലിലെ കോപ്റ്റര്‍ 2 വനിതകള്‍ പറത്തും

Women power in the Navy; 2 women will fly Copter in the warship

കൊച്ചി: നാവിക സേനയില്‍ ചരിത്രം കുറിക്കാന്‍ രണ്ടു വനിതകള്‍. സബ് ലഫ്റ്റനന്റാമാരായ കൗമുദിനി ത്യാഗിയും റിതി സിങും നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ പറത്തും. വ്യോമ സേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താന്‍ നേരത്തെ വനിതകളുണ്ടെങ്കിലും നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ ഒരുക്കി നിര്‍ത്തിയ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിന് ആദ്യമായിട്ടാണ് വനിതകള്‍ നിയോഗിക്കപ്പെടുന്നത്. നാവിക സേനയിലെ മറ്റു വിഭാഗങ്ങളിലെല്ലാം വനിതകള്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ പറത്താന്‍ ഇതുവരെ നിയോഗിക്കപ്പെട്ടിരുന്നില്ല.

ക്രൂ ക്വാര്‍ട്ടേഴ്‌സിലെ സ്വകാര്യതയില്ലായ്മയും ബാത്ത് റൂം സൗകര്യത്തിന്റെ അഭാവവുമാണ് ഇതിന് കാരണമായിരുന്നത്. എല്ലാ തടസങ്ങളും തരണം ചെയ്താണ് രണ്ടു വനിതകളുടെ നിയമനം. നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിന് ഇരുവര്‍ക്കും പ്രത്യേക പരിശീലനം ലഭിച്ചു. ശത്രുക്കളെ നിരീക്ഷിക്കുന്നതിലും ആക്രമിക്കുന്നതിലും ഇരുവരുടെയും പങ്ക് ഇനി നിര്‍ണായകമാണ്.

നാവിക സേനയുടെ പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്റ്ററുകളാകും ഇരുവരും പറത്തുക. ഒരേ സമയം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്ററുകളാണിവ. ശത്രുക്കളുടെ കപ്പലുകള്‍ കണ്ടെത്തുന്നതിനും ആക്രമിക്കുന്നതിനും നൂതന സംവിധാനങ്ങള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകളാണിത്.

കൊച്ചി ആസ്ഥാനത്ത് നിന്നാണ് കുമുദിനി ത്യാഗിയും റിതി സിങും പരിശീലനം പൂര്‍ത്തിയാക്കിയത്. ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയല്‍ അഡ്മറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് വിങ്‌സ് നല്‍കി. 17 പേരുടെ ബാച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഇതില്‍ യുദ്ധക്കപ്പലിലെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ നിയോഗിക്കപ്പെട്ടത് കുമുദിനിയും റിതിയുമാണ്. മലയാളിയായ ക്രീഷ്മ ആര്‍ 17 പേരുടെ ബാച്ചിലുണ്ട്. ക്രീഷ്മക്ക് യുദ്ധക്കപ്പലുകളിലേക്കല്ല നിയമനം. വ്യോമസേനയുടെ റഫാല്‍ യുദ്ധ വിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കുന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് നാവിക സേനയിലും പുതിയ ദൗത്യം വനിതകള്‍ ഏറ്റെടുക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button