ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ എന്തുകൊണ്ടാണ് പെട്ടെന്ന് മറക്കുന്നത് ?
Why do you suddenly forget the dreams you see in your sleep?
ഉറക്കത്തിലെ നേരമ്പോക്കുകളായ സിനിമകളെന്ന് സ്വപ്നങ്ങളെ നമുക്ക് വിശേഷിപ്പിക്കാം. രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കത്തിന് ശേഷം മറന്നുപോയേക്കാം. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. നമ്മൾ മനസിലാക്കിയിട്ടുള്ളതിനെക്കാളും മനോഹരമാണ് സ്വപ്നങ്ങൾ. കാഴ്ചയില്ലാത്തവരിലും നിറങ്ങളുടെ ലോകം സമ്മാനിക്കാൻ സ്വപ്നങ്ങൾക്ക് സാധിക്കും. പല സ്വപ്നങ്ങൾക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രമേയുള്ളൂ. നമ്മൾ കാണുന്ന അമ്പത് ശതമാനത്തോളം സ്വപനങ്ങളും ഉണർന്ന് അഞ്ച് മിനിറ്റിനുള്ളിൽ മറക്കുന്നതാണ്. ദ്രുതഗതിയിലുള്ള കണ്ണിന്റെ ചലനം ആണ് സ്വപ്നങ്ങൾക്ക് കാരണം. ഒരു ഉറക്കത്തിൽ പല തവണ ഇത് സംഭവിക്കാം. സ്ലീപ് ടെക് സ്റ്റാർട്ടപ്പ് “ബെഡ്‌ഡർ”സിഇഒ മൈക്ക് ക്ലിഷ് സ്വപ്നങ്ങളെ കുറിച്ച് പറയുന്നതെന്തെന്നാൽ “സ്വപ്നം കാണുന്ന സമയങ്ങളിൽ നമ്മുടെ മസ്തിഷ്ക തരംഗ പ്രവർത്തനങ്ങൾ നമ്മൾ ഉണർന്നിരിക്കുന്നതിനേക്കാൾ കൂടുതലാണ്” എന്നാണ്. നമ്മൾ ഉറങ്ങിയതിന് ഏകദേശം 90 മിനിറ്റിന് ശേഷം ഈ ഘട്ടം ആരംഭിക്കുന്നു. ഇത് ഉറക്കത്തിന്റെ അവസാനത്തിന് 1 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യും.
“ഓർക്കുന്നുണ്ടോ ഇല്ലയോ, എല്ലാ ആളുകളും ഉറക്കത്തിൽ സ്വപ്നം കാണുന്നുണ്ട്. ഇത് മനുഷ്യ മസ്തിഷ്കത്തിന്റെ അത്യാവശ്യമായ ഒരു പ്രവർത്തനമാണ്. കൂടാതെ എല്ലാ ജീവജാലങ്ങളും സ്വപ്‌നം കാണാറുണ്ട്, മനോരോഗപഠനം, സ്ലീപ് മെഡിസിൻ എന്നീ മേഖലയിലെ പ്രശസ്തനും മെൻലോ പാർക്ക് സൈക്കാട്രി & സ്ലീപ്പ് മെഡിസിൻ സ്ഥാപകനുമായ ഡോ. അലക്സ് ഡിമിട്രി പറയുന്നു. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവരും അത് ഓർമിക്കുന്നില്ല? സ്വപ്നഗവേഷണം എന്നത് വിശാലവും സങ്കീർണവുമായ ഒരു മേഖലയാണ്. ലബോറട്ടറിയിൽ പഠനവിഷയമാക്കാൻ സാധിക്കുന്നതുമല്ല സ്വപ്നം. മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സ്വപനങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് പറയാൻ സാധിക്കാത്തതിനാൽ ആണിത്.
ചിലർ പറയും ഉപബോധമനസിലേക്കുള്ള ഒരു ജാലകമാണ് സ്വപ്നങ്ങൾ എന്ന്. എന്നാൽ ചിലർ പറയുന്നത് ഉറങ്ങുമ്പോൾ തലച്ചോറിലുണ്ടാകുന്ന അസംബന്ധപ്രവർത്തനങ്ങൾ ആണ് സ്വപ്നങ്ങൾ എന്ന് ഉറക്കാരോഗ്യ വിദഗ്ദ്ധൻ ഡോ. സുജയ് കൻസഗ്ര പറയുന്നു. ഒരു പുനഃസ്ഥാപന പ്രക്രിയയിൽ മസ്തിഷ്കം പങ്കെടുക്കുന്നതിന്റെ സൂചനയാണ് സ്വപ്നം കാണുക എന്നത്. അടിസ്ഥാനപരമായി ഈ സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, നമ്മുടെ മസ്തിഷ്കം വിവരങ്ങൾ പ്രോസസ്സ് ചെയ്യുമ്പോഴും അനാവശ്യ കാര്യങ്ങൾ ഇല്ലാതാക്കുമ്പോഴും പ്രധാനപ്പെട്ട ഹ്രസ്വകാല ഓർമകൾ നമ്മുടെ ദീർഘകാല ഓർമയിലേക്ക് മാറ്റുമ്പോഴും സ്വപ്നങ്ങൾ ഉണ്ടാകുന്നു എന്നതാണ്. അതിനാൽ തന്നെ സ്വപ്നങ്ങളെ ഓർത്തെടുക്കാനുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തവുമാണ്. ഓർത്തെടുക്കാൻ സഹായിക്കുന്നതോടൊപ്പം ചില സ്വപ്നങ്ങളെ ഓർക്കാതെ തടഞ്ഞ് വെക്കാനും മസ്തിഷ്കം ശ്രമിക്കാറുണ്ട്.
സംഭവങ്ങൾ ശരിക്കും സംഭവിച്ചോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്ത യാഥാർത്ഥ്യബോധമുള്ള സ്വപ്നങ്ങളിലൊന്ന് എപ്പോഴെങ്കിലും സംഭവിച്ചിരുന്നോ? സ്വപ്നലോകത്തെയും യഥാർത്ഥ ലോകത്തെയും തമ്മിൽ വേർതിരിക്കാൻ സാധിക്കാത്തതിനാൽ ആണിത്.
നമ്മുടെ മസ്തിഷ്കത്തിലെ ടെമ്പരോപരീറ്റൽ ജംഗ്ഷൻ എന്നറിയപ്പെടുന്ന ഭാഗമാണ് വികാരങ്ങളെയും വിവരങ്ങളെയും നിയന്ത്രിക്കുന്നത്. മസ്തിഷ്കത്തിന്റെ ഈ ഭാഗമാണ് സ്വപ്നങ്ങളെ ഓർത്തെടുക്കാൻ നമ്മെ സഹായിക്കുന്നത്. പഠനങ്ങൾ പ്രകാരം വ്യക്തിത്വ സവിശേഷതകൾ പോലും ഒരാൾക്ക് അവരുടെ സ്വപ്നങ്ങൾ ഓർമിക്കാൻ കഴിയുമോ എന്നതിനെ സൂചിപ്പിക്കുന്നു. സ്വപ്നങ്ങൾ ഓർമിക്കാൻ കഴിയുന്ന ആളുകളിൽ പൊതുവെ കണ്ടുവരുന്ന വ്യക്തിത്വ സവിശേഷതകളെ ഗവേഷകർ പരിശോധിച്ചിരുന്നു. അത്തരം ആളുകളിൽ പകൽ സ്വപ്നം, സൃഷ്ടിപരമായ ചിന്ത, ആത്മ പരിശോധന എന്നിവ കണ്ടുവരുന്നു. അതേ സമയം കൂടുതൽ പ്രായോഗികവും ചുറ്റുപാടുകളിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നവരിലും സ്വപ്നങ്ങൾ ഓർമിച്ചെടുക്കുവാനുള്ള കഴിവ് കുറവുള്ളതായും പഠനങ്ങൾ പറയുന്നു.
നമ്മൾ കാണുന്ന പല സ്വപ്നങ്ങളും നമ്മുടെ മനസിനെ സ്വസ്ഥമാക്കാൻ സഹായിക്കുന്നു. സ്വപ്നങ്ങൾക്ക് നമ്മളിൽ ശാരീരിക മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. കാലങ്ങൾക്ക് മുമ്പ് നടന്ന പല കാര്യങ്ങളും നമ്മുടെ സ്വപ്നത്തിലെ സന്ദർഭങ്ങളുമായി എത്താറുണ്ട്. ചില സ്വപ്നങ്ങൾ ആവർത്തനങ്ങൾ ആയിരിക്കാം. വലിയൊരു കുഴിയിലേക്ക് വീഴുന്നതോ പരീക്ഷകളിൽ തോൽക്കുന്നതോ ആണ് ആവർത്തന സ്വപ്നങ്ങൾ ആയി കണ്ടുവരുന്നത്.