കേരളം ആര് ഭരിക്കും: ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് പിണറായി സര്‍ക്കാര്‍
Who will rule Kerala: Pinarayi govt hopes for continuity of government

കൊച്ചി: കേരളത്തില്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. 140 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ രാവിലെ എട്ട് മണിയോടെ തന്നെ ലഭിച്ചു തുടങ്ങും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 71 സീറ്റുകള്‍. എല്‍ഡിഎഫ് മുന്നണിക്ക് ഭരണത്തുടര്‍ച്ചയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
2,02,602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണും. സര്‍ക്കാര്‍ ഉദ്യോഗസ്ഥർ, കൊവിഡ് രോഗികൾ, മുതിര്‍ന്ന പൗരന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ആണ് താപാല്‍ വോട്ട് ചെയ്തവര്‍. കൃത്യം എട്ടുമണിക്ക് തന്നെ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.
ഇത്തവണ അഞ്ച് ലക്ഷത്തിലേറെ തപാൽ വോട്ടുകള്‍ ഉണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണിയതിനുശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുടക്കും. എട്ടരയോടെ വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ ആരംഭിക്കും. മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാകാന്‍ സാധിക്കും.
കൊവിഡ് രൂക്ഷമായതോടെ വിജയാഘോഷങ്ങൾക്ക് വിലക്കുണ്ട്. ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 2ന് കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്‍നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് ഫലം വരും.
2016-ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ 91 സീറ്റുകള്‍ നേടിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. യുഡിഎഫ് 47 സീറ്റുകള്‍ നേടി. ബിജെപി ഒരു സീറ്റുനേടി കേരളത്തില്‍ അക്കൗണ്ട് തുറന്നു.