India

വാക്സിൻ ആദ്യം ആര്‍ക്ക്? ഒന്നിലേറെ വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി

Who gets the COVID vaccine first? The health minister said that more than one vaccine will be distributed

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19നെതിരെ ഒന്നിലധികം സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തേക്കുമെന്ന് ഹര്‍ഷ് വര്‍ധൻ. രാജ്യത്തെ എല്ലാവര്‍ക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രോഗത്തിന്റെ ഭീഷണി ഏറ്റവുമധികം നേരിടുന്നവര്‍ക്കായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുകയെന്നും ഡോ. ഹര്‍ഷ് വര്‍ധൻ വ്യക്തമാക്കി. “ഇന്ത്യൻ ജനസംഖ്യയുടെ വലുപ്പം പരിഗണിക്കുമ്പോള്‍ രാജ്യത്തു മുഴുവൻ വാക്സിനേഷൻ നടപ്പാക്കാൻ ഒരു വാക്സിനോ വാക്സിൻ നിര്‍മാതാവിനോ സാധിക്കില്ല. അതുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് പലതരം കൊവിഡ് 19 വാക്സിനുകള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.” മന്ത്രി പരിപാടിയിൽ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യൽ മീഡിയ വഴി നടത്തുന്ന “സൺഡേ സംവാദ്” പരിപാടിയിൽ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പരീക്ഷണഘട്ടത്തിലുള്ള കൊവിഡ് 19 വാക്സിനുകളുടെയെല്ലാം 1, 2, 3 ഘട്ട ക്ലിനിക്കൽ പരീക്ഷണഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും ഈ വിവരങ്ങള്‍ ലഭ്യമായ ശേഷം അടിയന്തരാവശ്യങ്ങള്‍ക്ക് വാക്സിൻ വിതരണം ചെയ്യാൻ അനുമതി കൊടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ പരിമിതമായ ഡോസ് വാക്സിൻ മാത്രമേ ലഭ്യമാകൂ എന്നും ഇത് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.പല തരത്തിലുള്ള വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലുള്ളതിനാൽ ചില വാക്സിനുകള്‍ പ്രത്യേക പ്രായവിഭാഗത്തിലുള്ളവര്‍ക്കായിരിക്കും ഇണങ്ങുകയെന്നും മറ്റുള്ളവര്‍ക്ക് ഗുണം ചെയ്തേക്കില്ലെന്നും ഇഎൻടി വിദഗ്ധൻ കൂടിയായ ഡോ. ഹര്‍ഷ് വര്‍ധൻ അറിയിച്ചു.

വാക്സിൻ വിതരണത്തിനുള്ള മുൻഗണന നിശ്ചയിക്കുന്നത് രണ്ട് തരത്തിലായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. “തൊഴിൽപരമായ സുരക്ഷാഭീഷണിയും വൈറസ് ബാധയേൽക്കാനുള്ള സാധ്യതയുമാണ് ആദ്യത്തേത്. രോഗം ഗുരുതരമാകാനും മരണനിരക്ക് ഉയരാനുമുള്ള സാധ്യതയാണ് രണ്ടാമത്തേത്.” അദ്ദേഹം പറഞ്ഞു. “ഇന്ത്യയിൽ പരീക്ഷണം നടത്തുന്ന കൊവിഡ് 19 വാക്സിനുകള്‍ രണ്ട് ഡോസ് നല്‍കേണ്ടതും മൂന്ന് ഡോസ് നല്‍കേണ്ടതുമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഉത്പാദിപ്പിക്കുന്നവ രണ്ട് ഡോസ് വാക്സിനുകളാണ്. എന്നാൽ കാഡില ഉത്പാദിപ്പിക്കുന്ന പരീക്ഷണ വാക്സിൻ മൂന്ന് ഡോസാണ്.” പരീക്ഷണഘട്ടത്തിലുള്ള മറ്റു വാക്സിനുകള്‍ എത്ര ഡോസുകളാണ് നല്‍കേണ്ടി വരികയെന്ന് അറിയില്ലെന്നും ഹര്‍ഷ് വര്‍ധൻ വ്യക്തമാക്കി.

ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് – സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയിൽ ഉള്‍പ്പെടെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. ഈ വാക്സിന് ഡിസംബര്‍ മാസത്തോടെ യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ലോകത്ത് ഇതുവരെ നൂറിലധികം കൊവിഡ് 19 വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റ് പറയുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button