India

അരുണാചലിൽ ഇന്ത്യൻ മണ്ണിൽ ചൈനയുടെ ഗ്രാമം? ചിത്രം പക‍ര്‍ത്തി സാറ്റലൈറ്റ്

Which Chinese village is on Indian soil in Arunachal Pradesh? Image Copy Satellite

ന്യൂഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അന്താരാഷ്ട്ര അതിര്‍ത്തിയിൽ നിന്ന് 4.5 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് മാറി 101 വീടുകള്‍ അടങ്ങുന്ന ഒരു ടൗൺഷിപ്പാണ് ചൈന നിര്‍മിച്ചിരിക്കുന്നതെന്നാണ് പ്ലാനറ്റ് ലാബ്സിൽ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ടിലുള്ള ആരോപണം.

അതേസമയം, ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതകരണം. ഇന്ത്യൻ അതിര്‍ത്തികളോടു ചേര്‍ന്ന് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയും അതിര്‍ത്തി മേഖലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അരുണാചൽ പ്രദേശിലെ അപ്പര്‍ സുബാൻസിരി ജില്ലയിൽ സാരി ചു നദിയോടു ചേര്‍ന്നാണ് പുതിയ ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നാണ് ചാനലിൻ്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം പിടികൂടിയ മേഖലയോടു ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത്.

China-in-Arunachal

ചൈന നിർമിച്ചതെന്നു കരുതപ്പെടുന്ന പുതിയ ഗ്രാമത്തിൻ്റെ സാറ്റലൈറ്റ് ദൃശ്യം. ഇടതുവശത്ത് പഴയ ചിത്രം Photo: Maharashtra Times

മാസങ്ങളുടെ ഇടവേളയിലുള്ള രണ്ട് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉദ്ധരിച്ചാണ് എൻഡിടിവിയുടെ റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റ് 26നാണ് ആദ്യ ചിത്രം പകര്‍ത്തിയിരിരിക്കുന്നത്. ഈ ചിത്രത്തിൽ ഈ മേഖലയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും കാണാനില്ല. എന്നാൽ 2020 നവംബര്‍ ഒന്നിന് പകര‍്ത്തിയ ചിത്രത്തിൽ പല വരികളിലായി ഇടത്തരം വലുപ്പമുള്ള നിരവധി വീടുകള്‍ നിര്‍മിച്ചിരിക്കുന്നതാണ് കാണുന്നത്. വീടുകളിലേയ്ക്ക് എത്താൻ റോഡുകളുമുണ്ട്. ഏകദേശം 15 മാസം മുൻപ് ഈ നിര്‍മാണങ്ങള്‍ നടന്നിരിക്കാനാണ് സാധ്യത.

അതേസമയം, വിവാദമായ ഈ റിപ്പോര്‍ട്ടിനെപ്പറ്റി നേരിട്ട് പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം, അരുണാചൽ പ്രദേശ് പൂര്‍ണമയും ഇന്ത്യയുടെ അവിഭാജ്യഘടകമാണെങ്കിലും അരുണാചൽ തങ്ങളുടേതാണെന്നാണ് ചൈന വാദിക്കുന്നത്. അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനീസ് മേഖലയിൽ ചൈന വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സൈനിക സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ഇത്ര വലിയൊരു നിര്‍മാണം ചൈന ഇന്ത്യൻ ഭൂപ്രദേശത്ത് കൈയ്യേറി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

“അതിര്‍ത്തി മേഖലയോടു ചേര്‍ന്ന് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്” ശ്രദ്ധയിൽപ്പെട്ടിടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. “കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ചൈന ഇത്തരത്തിൽ നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനു പ്രതികരണമെന്ന നിലയിൽ ഇന്ത്യയും അതിര്‍ത്തി മേഖലകളിൽ റോഡുകളും പാലങ്ങളും നിര്‍മിക്കുകയും അതിര്‍ത്തിമേഖലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.” കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, 1980കള്‍ മുതൽ ചൈന അരുണാചൽ പ്രദേശിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രദേശത്തെ ബിജെപി എംപി തന്നെ രംഗത്തെത്തിയത് കേന്ദ്രത്തിന് തിരിച്ചടിയായിട്ടുണ്ട്. അരുണാചലിൽ കടന്നുകയറി ചൈന 100 വീടുകളുള്ള ഗ്രാമം തന്നെ നിര്‍മിച്ചെന്നും ഇന്ത്യൻ ഭൂപ്രദേശങ്ങളായ ബിസ, മിര്‍സ എന്നീ കേന്ദ്രങ്ങളുടെ ഇടയിലായി ചൈനീസ് സൈനികത്താവളമുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button