മലയാളികളുടെ പ്രിയ ഭക്ഷണമാണ് പൊറോട്ട. പൊറോട്ടയും ഇറച്ചിയും കോമ്പിനേഷന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരവുമാണ്. സ്വാദിഷ്ടമെങ്കിലും മൈദ കൊണ്ടുണ്ടാക്കുന്നതിനാല്‍ തന്നെ പൊറോട്ട ആരോഗ്യകരമല്ലെന്നും പൊതുവേ എല്ലാവര്‍ക്കുമറിയാം. എങ്കില്‍ പോലും രുചികരമായതിനാല്‍ തന്നെ ഇതു വേണ്ടെന്നു വയ്ക്കാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ മൈദയെ ഭയമാണുതാനും. ഇത്തരത്തിലെ സാഹചര്യത്തിലാണ് ഗോതമ്പ് പൊറോട്ടയ്ക്ക് സാധ്യതകളേറിയത്. പൊറോട്ട കഴിയ്ക്കാന്‍ താല്‍പര്യമെങ്കില്‍ ഗോതമ്പു പൊറോട്ട വാങ്ങിക്കഴിച്ച് ആരോഗ്യം രക്ഷപ്പെട്ടുവെന്നു സമാധാനിയ്ക്കുന്നവര്‍ ചില്ലറയല്ല. കാരണം പൊതുവേ ഗോതമ്പ് ആരോഗ്യകരമെന്നാണ് വയ്പ്. എന്നാല്‍ ഗോതമ്പ് പൊറോട്ട വാങ്ങിക്കഴിച്ച് തൃപ്തിപ്പെടുന്നവര്‍ സമാധാനിയ്ക്കാന്‍ വരട്ടെ, ഇതും ആരോഗ്യത്തിന് നല്ലതല്ലെന്നു വേണം പറയാന്‍.
പൊറോട്ട തയ്യാറാക്കുന്ന പ്രക്രിയ
പൊറോട്ട തയ്യാറാക്കുന്ന പ്രക്രിയ തന്നെയാണ് ആരോഗ്യത്തിന് ദോഷം വരുത്തുന്നത്. ഇത് മൃദുവാകാനും ലെയറുകളായി പോകാനും ഇതിനെ നല്ലതു പോലെ വീണ്ടും വീണ്ടും അടിയ്‌ക്കേണ്ടി വരും. ഇത് വലിഞ്ഞു വരേണ്ടിയും വരും. മൈദ പൊതുവേ വലിയുന്ന സ്വഭാവമുള്ളതാണ്. എന്നാല്‍ ഗോതമ്പ് ഇത്തരത്തില്‍ വലിയുന്നതല്ല, ഇതിനാല്‍ തന്നെ ഇത് പൊറോട്ട തയ്യാറാക്കുമ്പോള്‍ ഇത് വീണ്ടും വീണ്ടും മൃദുവായി അടിയ്ക്കാന്‍ ധാരാളം വെജിറ്റബില്‍ ഫാറ്റ് ചേര്‍ക്കേണ്ടി വരും. ഇത്തരം എണ്ണയും കൊഴുപ്പും തന്നെ ഗോതമ്പ് പൊറോട്ടയെ ഏറെ ദോഷകരമാക്കുന്നു. സ്വാദിഷ്ടമായ ഗോതമ്പ് പൊറോട്ട ലഭിയ്ക്കണമെങ്കില്‍ ഇതില്‍ ധാരാളം കൊഴുപ്പുകള്‍ ചേര്‍ക്കേണ്ടി വരും. ഇത് ആരോഗ്യത്തിന് ദോഷകരമാകുന്നുവെന്ന കാര്യം പ്ര്‌ത്യേകം പറയേണ്ടതില്ലല്ലോ.
കൊളസ്‌ട്രോള്‍, പ്രമേഹം
കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കും ഇത്തരം ചേരുവകള്‍ കാരണാകും. കൊഴുപ്പ് പൊതുവേ തടി കൂട്ടുക മാത്രമല്ല, കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഹൃദയത്തില്‍ ബ്ലോക്ക് പോലുള്ള രോഗാവസ്ഥകള്‍ക്കും കാരണമാകും. മാത്രമല്ല, പൊറോട്ടയ്‌ക്കൊപ്പം മിക്കവാറും കൊഴുപ്പുളള ഇറച്ചി കോമ്പിനേഷന്‍ ആകുമ്പോള്‍ ദോഷം ഏറെ ഇരട്ടിയ്ക്കും. മൈദ പൊറോട്ടയ്ക്കു പകരം ഗോതമ്പ് പൊറോട്ടയാണെങ്കിലും ഗോതമ്പ് പൊതുവേ ആരോഗ്യകരമെങ്കിലും ഗോതമ്പ് പൊറോട്ടയെന്നത് ദോഷം മാററുന്നില്ലെന്നര്‍ത്ഥം.
മൈദ
ഏറെ വിഭവങ്ങള്‍, മിക്കവാറും ബേക്കറി പലഹാരങ്ങള്‍ ഇതുപോലെ മൈദ കൊണ്ടു തന്നെയുണ്ടാക്കുന്നതാണ്. ഇതിനാല്‍ തന്നെയാണ് ഇവ അനാരോഗ്യകരമെന്നു പറയുന്നത്. പാശ്ചാത്യ നാടുകളില്‍ ഇത്തരം മൈദ ഉപഭോഗം കൂടുതലാണ്. എന്നിട്ടും അവര്‍ ഇതിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സ്വീകരിയ്ക്കുന്ന വഴിയുണ്ട്. അവര്‍ ഇത്തരം മൈദ കൊണ്ടുളള ഭക്ഷണ വസ്തുക്കളും ഇറച്ചിയുമെല്ലാം കഴിയ്ക്കുന്നതിനൊപ്പം ധാരാളം സാലഡുകള്‍ കഴിയ്ക്കുന്നവരാണ്.
പച്ചക്കറി, പഴ വര്‍ഗങ്ങള്‍
പച്ചക്കറി, പഴ വര്‍ഗങ്ങള്‍ ഇതിനൊപ്പം കഴിയ്ക്കുന്നത് ദോഷം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. ഇത്തരം ശീലം നമുക്കും സ്വീകരിയ്ക്കാവുന്നതാണ്. ഇഷ്ടപ്പെട്ട പൊറോട്ട പോലുള്ള വിഭവങ്ങള്‍ക്കൊപ്പം ആരോഗ്യകമായ സാലഡുകളും അല്ലെങ്കില്‍ നമുക്ക് എളുപ്പത്തില്‍ ലഭ്യമായ മുരിങ്ങയില പോലുള്ള ഇലക്കറികള്‍ കൊ്ണ്ടുള്ള വിഭവങ്ങളുമെല്ലാം ഉള്‍പ്പെടുത്താം. പൊറോട്ടയ്‌ക്കൊപ്പം മാത്രമല്ല, മൈദ കൊണ്ടുള്ള വിഭവങ്ങള്‍ക്കൊപ്പവും വറുത്ത ഭക്ഷണങ്ങള്‍ക്കൊപ്പവുമെല്ലാം ഇത്തരം സാലഡുകള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.