ദുബായില്‍ വാട്ടര്‍, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഡിസംബര്‍ മുതല്‍ കുറയും
Water and electricity bills in Dubai will be reduced from December
ദുബായ്: ഡിസംബര്‍ ഒന്നു മുതല്‍ ദുബായില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ കുറയും. രണ്ടിന്റെയും ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനുള്ള ദുബായ് സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജി തീരുമാനത്തെ തുടര്‍ന്നാണിത്. സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതുപ്രകാരം വൈദ്യുതിയുടെ ഇന്ധന സര്‍ചാര്‍ജ് ഒരു കിലോവാട്ടിന് 6.5 ഫില്‍സായിരുന്നത് അഞ്ച് ഫില്‍സായി കുറയും. വെള്ളത്തിനുള്ള സര്‍ചാര്‍ജാവട്ടെ, ഒരു ഗാലന് 0.6 ഫില്‍സായിരുന്നത് 0.4 ഫില്‍സായാണ് കുറയുക.
ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം സോളാര്‍ ഉള്‍പ്പെടെ റിന്യൂവബ്ള്‍ എനര്‍ജിയുടെ ഉപയോഗം വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനായത്. ജനങ്ങള്‍ക്ക് മിതമായി നിരക്കില്‍ വെള്ളവും വൈദ്യുതിയും ലഭ്യമാക്കുകയെന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ദുബായ് സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാന്‍ അറിയിച്ചു.
2050ഓടെ ദുബായിക്കാവശ്യമായ ഊര്‍ജ്ജത്തിന്റെ 75 ശതമാനവും സോളാര്‍ ഉള്‍പ്പെടെയുള്ള ക്ലീന്‍ എനര്‍ജിയിലൂടെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) സിഇഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. നിലവില്‍ എമിറേറ്റിനാവശ്യമായ എനര്‍ജിയുടെ ഒന്‍പത് ശതമാനമാണ് സോളാര്‍ എനര്‍ജിയിലൂടെ കണ്ടെത്തുന്നത്. അതുവഴി ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനുമായി. ഇതാണ് ഉപഭോക്താക്കളുടെ ബില്ലില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.