Kerala

ഇറവങ്കര കടലായിരുന്നോ? കിണർ കുഴിച്ചപ്പോൾ തെളിഞ്ഞത് ചരിത്രം

Was it the Iravankara Sea? History became clear when the well was dug

ആലപ്പുഴ: ആലപ്പുഴ ഇറവങ്കരയിൽ കിണർ കുഴിച്ചപ്പോൾ തെളിഞ്ഞത് ചരിത്രം. കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ പ്രസാദിന്റെ വീട്ടിലെ കിണറിന് ആഴം കൂട്ടിയപ്പോഴാണ് കടൽ ജീവികളുടെ അവശിഷ്ടം കണ്ടെത്തിയത്. കടൽ ജീവികളുടെ പുറന്തോടായ ശംഖ്, ചിപ്പി, പുറ്റിന്റെ അവശിഷ്ടം എന്നിവയാണ് കിണറിൽ നിന്നും ലഭിച്ചത്. കടലിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

ജയപ്രകാശ് രാഘവപണിക്കർ എന്നയാളാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “എന്റെ കസിനും കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ പ്രസാദിന്റെ വീട്ടിലെ കിണറിന് ആഴം കൂട്ടിയപ്പോൾ കിട്ടിയ ചില വസ്‌തുക്കളാണ് ചിത്രത്തിൽ. കടൽജീവികളുടെ പുറന്തോടുകളായ ശംഖുകൾ, ചിപ്പികൾ, പുറ്റുകൾ ഇവയൊക്കെയാണ് ചിത്രത്തിലുള്ളത്.”

“അടുത്തുള്ള കടൽത്തീരമായ കാർത്തികപ്പള്ളിയിൽ നിന്നും ഏതാണ്ട് 30 കിലോമീറ്ററെങ്കിലും അകലെ ആലപ്പുഴ ജില്ലയിലെ മാവേലിയ്ക്കരയ്ക്കും കിഴക്കായുള്ള ഇറവങ്കര എന്ന സ്ഥലത്ത് 50 അടിയെങ്കിലും താഴ്ചയിൽ നിന്നാണ് ഇതൊക്കെ കണ്ടുകിട്ടിയത്. ഈ സ്ഥലത്തിന് വടക്കായി വരുന്ന മാന്നാർ, കടപ്ര, നിരണം എന്നീ പ്രദേശങ്ങളിലും മണ്ണിനടിയിൽ കടൽ ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടുവരാറുണ്ട്. ഈ പ്രദേശങ്ങളൊക്കെ ഒരു കാലത്ത് കടലായിരുന്നതായി പറയപ്പെടുന്നു. കടല്പുറം ലോപിച്ചാണ് കടപ്ര ആയതെന്നും പറയുന്നുണ്ട്. ഈ പ്രദേശങ്ങളിലൊക്കെയുള്ളത് തീരത്തുള്ളതുപോലെ പൂഴിമണ്ണുതന്നെയാണെങ്കിലും ഇറവങ്കര എന്ന സ്ഥലം ഒരു ചെറിയ മലമ്പ്രദേശം പോലെയാണ്. കടൽ ജീവികളുടെ അവശിഷ്ടങ്ങൾ കിട്ടിയതാകട്ടെ മേൽ മണ്ണിനും അതിനടിയിൽ ഏതാണ്ട് 30 -40 അടിയോളം വരുന്ന ചെങ്കല്ലിനും താഴെയുള്ള ചെളിയിൽ നിന്നുമാണ്.”

“നിരണം, കടപ്ര, മാന്നാർ എന്നീ സ്ഥലങ്ങൾ കടല്പുറമായ തോട്ടപ്പള്ളിയിൽ നിന്നും 20 കിലോമീറ്ററെങ്കിലും കിഴക്കായി വരുന്ന സ്ഥലങ്ങളാണ്. ഒന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട പ്ലിനിയുടെ യാത്രാവിവരണത്തിൽ പരാമർയ്ക്കപ്പെടുന്ന നെൽസിന്ദ (Nelcynda)എന്ന തുറമുഖം നിരണം ആണെന്നും പറയപ്പെടുന്നു. കടൽത്തീരത്തുനിന്നും 20 മുതൽ 30 കിലോമീറ്റർ വരെ അകലെയുള്ള നിരണം, മാന്നാർ, കടപ്ര, ഇറവങ്കര എന്നെ പ്രദേശങ്ങളിലെ മണ്ണിനടിയിൽകാണപ്പെടുന്ന കടല്ജീവികളുടെ അവശിഷ്ടങ്ങൾ കാണിയ്ക്കുന്നത് ഈ പ്രദേശങ്ങൾ ഒരുകാലത്ത് കടലായിരുന്നെന്നും കടലിറങ്ങി കരയായതെന്നുമല്ലേ? പരശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടാക്കിയതൊക്കെ ഇതിന്റെ ഒരു കാല്പനിക ആവിഷ്കാരമല്ലേ?” ജയപ്രകാശ് ചോദിക്കുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button