വിരാട് മ്യൂസിയമായില്ല; പൊളിച്ച് വിൽക്കും: കപ്പൽ മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക്
Virat is not a museum; Demolition: Ship from Mumbai to Gujarat
അഹമ്മദാബാദ്: മുപ്പത് വർഷത്തോളം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിരാടിനെ പൊളിച്ചു വിൽക്കും. മൂന്ന് വർഷം മുൻപ് ഡി കമ്മീഷൻ ചെയ്‌ത വിരാടിനെ ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലുള്ള അലാങ്ങില്‍ വെച്ചാകും പൊളിച്ചു മാറ്റുക. നിലവിൽ മുംബൈയിൽ നങ്കൂരമിട്ടിരിക്കുന്ന വിരാടിനെ അടുത്തമാസം കെട്ടിവലിച്ചാകും അലാങ്ങിലേക്ക് കൊണ്ടു പോകുക. 12 മാസം കൊണ്ട് കപ്പൽ പൂർണ്ണമായും പൊളിച്ച് നീക്കാൻ കഴിയുമെന്നാണ് ശ്രീറാം ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 38.54 കോടി രൂപയ്‌ക്കാണ് ശ്രീറാം ഗ്രൂപ്പ് കപ്പൽ പൊളിച്ച് വിൽക്കാനുള്ള അവകാശം നേടിയത്. 1987ലാണ് വിരാട് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. 30 വർഷത്തെ സേവനത്തിന് ശേഷം 2017ൽ കപ്പൽ ഡി കമ്മീഷൻ ചെയ്‌തു.
ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന 1980കളിൽ 65 കോടി രൂപയ്‌ക്ക് ഇന്ത്യ വാങ്ങുകയും പിന്നീട് പരിഷ്‌കരിക്കുകയുമായിരുന്നു. 1987 മെയ് 12ന് നാവികസേയില്‍ കമ്മീഷന്‍ ചെയ്‌തു. മുംബൈയിൽ നിന്നും കപ്പൽ അലാങ്ങില്‍ എത്തിച്ചേരാൻ മൂന്ന് ദിവസം വേണ്ടിവരുമെന്ന് കമ്പനി ചെയർമാൻ മുകേഷ് പട്ടേൽ പറഞ്ഞു.
കപ്പൽ കൈമാറുന്നത് സംബന്ധിച്ചുള്ള എല്ലാ ഇടപാടുകളും നടന്നു കഴിഞ്ഞു. മുംബൈയിലെ നേവൽ ഡോക്ക് യാർഡിലാണ് നിലവിൽ കപ്പലുള്ളത്. അലാങ്ങിലെത്തിച്ച് പൊളിച്ച് നീക്കുമെങ്കിലും കാലാവസ്ഥയടക്കമുള്ള വെല്ലുവിളികൾ നേരിടേണ്ടി വരും. സെപ്‌റ്റംബർ ആദ്യം അല്ലെങ്കിൽ പകുതിക്ക് മുന്നേ കപ്പൽ മുംബൈ വിടുമെന്നും അദ്ദേഹം പറഞ്ഞു. വിരാടിനെ ഒരു മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അക്കാര്യം കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.