വൈറൽ സ്ഥാനാർഥി വിബിത ബാബുവിനെ ‘വീഴ്‌ത്തി’ ലതാകുമാരി
Viral candidate Vibitha Babu has been dropped by Lathakumari
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ പത്തനംതിട്ട മുല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി സികെ ലതാകുമാരിയോടാണ് അവർ തോൽവി സമ്മതിച്ച് രണ്ടാം സ്ഥാനത്ത് എത്തിയത്.
പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ വിബിത പിന്നിലേക്ക് പോയിരുന്നു. ബിജെപി സ്ഥാനാർഥിയായിരുന്നു ആദ്യ റൗണ്ടുകളിൽ മുന്നിട്ട് നിന്നത്. വോട്ടെണ്ണൽ പുരോഗമിച്ചതോടെ മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കെത്തി വോട്ട് നില മെച്ചപ്പെടുത്തി. എന്നാൽ 10469 വോട്ടുകൾ നേടി ലതാകുമാരി വിജയമുറപ്പിച്ചപ്പോൾ 9178 വോട്ടുകൾ നേടി വിബിത രണ്ടാമതെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വിബിതയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിത മുന്നേറ്റം കാഴ്‌ചവച്ച എൽഡിഎഫ് സ്ഥാനാർഥി ലതാകുമാരി വിജയം പിടിച്ചെടുക്കുകയായിരുന്നു. 2009 മുതൽ കെഎസ്‌യുവിലൂടെയാണ് വിബിത രാഷ്‌ട്രീയ രംഗത്തേക്ക് എത്തിയത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ എൽഡിഎഫ് തരംഗമാണ് നിലവിലുള്ളത്. യു ഡി എഫ് കോട്ടകൾ പിടിച്ചെടുത്ത ഇടതുമുന്നണി മധ്യകേരളത്തിലടക്കം നിർണായക ശക്തിയായി തീർന്നു. പ്രതീക്ഷിച്ച സ്ഥലങ്ങളിലടക്കം തോൽവിയാണ് യുഡിഎഫിനുണ്ടായത്.