Kerala

സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയെന്ന് വിജിലൻസ്

Vigilance says money received for swapna is bribe

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.5 കോടി രൂപ ലൈഫ് മിഷൻ പദ്ധതിക്ക് ലഭിച്ച കമ്മീഷനാണെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. കമ്മീഷൻ ലഭിച്ചകാര്യവും ലോക്കറിൽ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് കണ്ടെത്തൽ.

കഴിഞ്ഞ വ‍ര്‍ഷം ഓഗസ്റ്റ് രണ്ടിന് കവടിയാ‍റിൽ വെച്ചാണ് കോൺസുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്ക് യുണിടാക്ക് ഉടമ പണം കൈമാറുന്നത്. 3.80 കോടിയായിരുന്നു കമ്മീഷൻ. 1.50 കോടി ഇന്ത്യൻ രൂപയും ശേഷിക്കുന്നത് ഡോളറുമായാണ് നൽകിയത്. ഈ തുക നാല് ദിവസം കൈവശം വെച്ചതിനു ശേഷമാണ് കമ്മീഷൻ ലഭിച്ച വിവരം ഖാലിദ് സ്വപ്നയെ അറിയിച്ചതെന്നും റിപ്പോ‍ര്‍ട്ടിൽ പറയുന്നു.

സരിത്തും സ്വപ്നയും ഖാലിദിന്റെ വീട്ടിലെത്തിയാണ് പണം കൈപ്പറ്റിയത്. പണം എത്രയുണ്ടെന്ന് സ്വപ്നക്ക് അറിയില്ലായിരുന്നു. വലിയ സംഖ്യയാണെന്നും സൂക്ഷിച്ചു കൊണ്ടുപോകണമെന്നും ഖാലിദ് പറഞ്ഞു. 64 ലക്ഷം രൂപ എസ്ബിഐ ലോക്കറിലും ബാക്കിയുള്ളത് ഫെഡറൽ ബാങ്ക് ലോക്കറിലും വെച്ചു. പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. എന്നാൽ കമ്മീഷൻ തുക അദ്ദേഹത്തിനാണെന്ന് നേരിട്ട് പറഞ്ഞിട്ടില്ലെന്നും സ്വപ്ന മൊഴി നൽകി.

ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശിവശങ്ക‍ര്‍ നടത്തിയ സ്വകാര്യ വാട്സാപ്പ് വിവരങ്ങളും ശേഖരിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ വിവരങ്ങൾ കൈമാറാൻ ശിവശങ്ക‍ര്‍ ആവശ്യപ്പെടുന്നതിന്റെ സന്ദേശങ്ങളടക്കം വിജിലൻസിന് ലഭിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button