ജയം ഉറപ്പ്, ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോര്‍ജ്ജ്
Victory guaranteed, PC George says he and the BJP will decide who will rule

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പി സി ജോർജ്ജ്. പൂഞ്ഞാറിൽ 50,000 വോട്ടുകൾ നേടി താൻ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പൂഞ്ഞാറിൽ ജനങ്ങൾ തന്നെ ഉപേക്ഷിക്കില്ലെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മീഡിയവണ്ണിനോടാണ് പ്രതികരിച്ചത്. ജനവിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് പിസി ജോർജ്ജിന്‍റെ വാക്കുകൾ.
‘ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല’ പിസി ജോർജ്ജ് പറഞ്ഞു.
ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച പിസി ജോർജ്ജ് പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടുമെന്നാണ് പറഞ്ഞത്. അത് കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്. ഇല്ലെങ്കി ഞാൻ ഭൂരിപക്ഷം പറഞ്ഞേനെയെന്നും അദ്ദേഹം പറയുന്നു.
‘യുഡിഎഫിന് 68 സീറ്റ് കിട്ടും. എല്‍ഡിഎഫിന് 70 സീറ്റ് കിട്ടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. ഒരു സീറ്റ് പിസി ജോർജ്ജിന് കിട്ടും. ഞങ്ങൾ ആലോചിച്ചോളാം ആര് ഭരിക്കണമെന്ന്. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എനിക്ക് കിട്ടിയ റിപ്പോർട്ടും അതായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമം മാത്രമേ ബിജെപിക്ക് കിട്ടൂവെന്നാണ്’ പിസി ജോർജ്ജ് പറഞ്ഞു.