തിരുവനന്തപുരം: കെകെ ശൈലജയുടെ അഭാവത്തിൽ ആറന്മുള എംഎൽഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. ആരോഗ്യവകുപ്പ് വനിതാമന്ത്രിമാരിൽ ഒരാള്‍ക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നലെയാണ് വീണ ജോര്‍ജിന് തന്നെ വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ആര്‍ ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പും പി രാജീവിനു വ്യവസായ വകുപ്പും നല്‍കാൻ തീരുമാനിച്ചതായാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം, വകുപ്പ് ഏതാണെന്ന കാര്യത്തിൽ തനിക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി ഏൽപ്പിക്കുന്നത് ഏതു വകുപ്പാണെങ്കിലും മികച്ച രീതിയിൽ നിര്‍വഹിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ടേം വ്യവസ്ഥയിലാണ് നിയമനം. എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണ വകുപ്പും ധനകാര്യം കെഎൻ ബാലഗോപാലിനും നൽകും. ഗതാഗതം എൻസിപിയിൽ നിന്നു മാറ്റുമെന്നാണ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെഡിഎസിന് വിട്ടു നൽകി. കെ കൃഷ്ണൻകുട്ടിയായിരിക്കും അടുത്ത വൈദ്യുതിമന്ത്രി.
അതേസമയം, കഴിഞ്ഞ ടേമിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പിലും ഐടി വകുപ്പിലും മാറ്റങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.