Kerala Rural

തുടർച്ചയായി നാലാം വർഷവും വരവൂർ ഗവ.എൽ.പി.സ്കൂൾ ജൈവ നെൽകൃഷി തുടങ്ങി

Varavoor Govt. LP School has started organic paddy cultivation for the fourth consecutive year

വടക്കാഞ്ചേരി: 2017 ൽ വിദ്യാലയത്തിൽ കുട്ടികൾക്ക് കൃഷിരീതികൾ നേരിട്ടു പഠിപ്പിക്കുന്നതിന്റെ ഭാഗമായി കരനെൽകൃഷിയായി നവര നെൽ കൃഷിയിലായിരുന്നു തുടക്കം. ആ വർഷം തന്നെ പാടശേഖരത്തിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് ജൈവ നെൽകൃഷി വീണ്ടും ചെയ്ത് വിദ്യാലയം വിപുലമായി കൃഷി ചെയ്യാൻ തുടങ്ങി. തുടർന്നു വന്ന വർഷങ്ങളിൽ മുടക്കം വരാതെ, ഈ വർഷവും വരവൂർ ഗവ.എൽ.പി സ്കൂൾ ആ ദൗത്യം കുട്ടികളില്ലാതെ രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ തുടരുകയാണ്.

2017 ൽ വരവൂരിൽ പല കൃഷിസ്ഥലങ്ങളും തരിശായി കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു. കുട്ടികളും അധ്യാപകരും , പി ടി എ യും, എല്ലാ വർഷവും ജൈവനെൽകൃഷി നാടിന്റെ ഉത്സവമായി നടത്തി കൊണ്ടുവരികയാണ്. ഈ മാതൃക ഏറ്റെടുത്ത് തരിശായി കിടന്ന പല കൃഷി സ്ഥലങ്ങളിലും, കൃഷി ഉടമകൾ കൃഷി ചെയ്യാൻ തുടങ്ങി. ചേലക്കര എം.എൽ എ ശ്രീ. യു.ആർ പ്രദീപിന്റെ അകമഴിഞ്ഞ പിന്തുണയും, വരവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രോൽസാഹനവും കൂടി ഉൾക്കൊണ്ട് വിദ്യാലയത്തിലെ രക്ഷിതാക്കൾ കുട്ടികളുടെ അഭാവത്തിലും, ജൈവ നെൽ കൃഷി ഈ വർഷവും ഏറ്റെടുത്തിരിക്കയാണ്. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാലയത്തിനു പാട്ടത്തിനു തന്ന സ്ഥലങ്ങളിലെല്ലാം ഉടമസ്ഥർ തന്നെ പിറ്റേവർഷം മുതൽ കൃഷി ചെയ്യാൻ തുടങ്ങിയത് വിദ്യാലയം ഏറെറടുത്ത പ്രവർത്തനത്തിന്റെ മികവായി മാറി.

ഈ വർഷവും പുതിയ കൃഷിസ്ഥലമാണ് പാട്ടത്തിനെടുത്തിട്ടുള്ളത്. ആവശ്ശേരി എ.കെ. കുട്ടികൃഷ്ണന്റെ 75 സെന്റ് സ്ഥലവും, ആവശ്ശേരി ഭരതൻ ഭാര്യ വള്ളിവക 35 സെന്റ് സ്ഥലവുമാണ് കൃഷി ചെയ്യാൻ വിദ്യാലയത്തിന് ലഭിച്ചത്. വിത്തിടലിന്റെ ഉദ്ഘാടനം വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വിജയലക്ഷ്മി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. കദീജ ടീച്ചർ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.എ. മോഹനൻ , വരവൂർ കൃഷിഭവൻ അഗ്രികൾച്ചർ അസിന്റന്റ് പി.രജനി, അധ്യാപികമാരായ ലിറ്റി ജെയിംസ്, ദീപ.കെ., കർഷകനായ എ.വി.അജി എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് സ്വാഗതവും, SMC ചെയർമാൻ എൻ.എച്ച് ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറി കൃഷിയും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. നല്ല കുട്ടികർഷകരെ കണ്ടെത്തി അവർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകി വരുന്നു.

റിപ്പോർട്ട് : ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button