Qatar

ഖത്തറില്‍ 12നു മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍; വാക്‌സിന്‍ ഇളവ് 9 മാസമാക്കി

Vaccine for children over 12 in Qatar; Vaccine exemption was extended to 9 months

ദോഹ: 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സിന്‍ കമ്പനി നടത്തിയ പഠനത്തില്‍ അവ സുരക്ഷിതവും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഖത്തറിന്റെ തീരുമാനം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.

​മെയ് 16 മുതല്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

-16-

ഖത്തറില്‍ സപ്തംബര്‍ മാസം പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ആത്മവിശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ക്ലാസ്സുകള്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിക്കാന്‍ ഇത് സഹായകമാവും. വാക്‌സിന്‍ നല്‍കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ www.moph.gov.qa എന്ന വെബ്‌സൈറ്റ് വഴി മെയ് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ബന്ധപ്പെട്ട് വാക്‌സിനേഷന്റെ സ്ഥലവും തീയതിയും സമയവും അറിയിക്കും.

​തീരുമാനം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍

അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 12 വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിലെ കൊവിഡുമായി ബന്ധപ്പെട്ട നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് തലവന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഇത് കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് മാത്രമല്ല സ്‌കൂളുകളിലും സാമൂഹിക രംഗങ്ങളിലും സജീവമാവാന്‍ അവര്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​പെരുന്നാളിന് ശേഷം 30നു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

-30-

അതിനിടെ, ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞാല്‍ രാജ്യത്തെ 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കി വരുന്നത്. ഫൈസറിന് പുറമെ മൊഡേണ വാക്‌സിനും ഖത്തറില്‍ വിതരണം ചെയ്തുവരുന്നുണ്ട്. ഖത്തറില്‍ ജനസംഖ്യയുടെ പകുതി പേരും കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെയായി 1,876,178 ഡോസുകളാണ് ഖത്തറില്‍ വിതരണം ചെയ്തത്. 1,137,843 പേര്‍ക്ക് ഒരു ഡോസും 738,335 പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ജനസംഖ്യയുടെ 32.7 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള 90 ശതമാനത്തിലേറെ പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു. ഈ വിഭാഗത്തില്‍ രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ 80 ശതമാനം വരും.

​ക്വാറന്റൈന്‍ ഇളവ് ഒന്‍പത് മാസമാക്കി

വാക്‌സിന്‍ എടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് കാലാവധി നിലവിലെ ആറു മാസത്തില്‍ നിന്ന് ഒന്‍പത് മാസമായി വര്‍ധിപ്പിച്ചതായും ഖത്തര്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ നടന്നുവരുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച മുതല്‍ ഇത് നിലവില്‍ വന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞത് മുതല്‍ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്തിന് പുറത്തുനിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ല. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button