ദുബായില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്സിന്‍ വിതരണം തുടങ്ങി
Vaccine distribution to pregnant and lactating women begins in Dubai
ദുബായ്: കൊവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭിണികളാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഫൈസര്‍ വാക്സിനെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ കൊവിഡ് 19 സയന്റിഫിക് കമ്മിറ്റി തീരുമാനമെടുത്തതെന്ന് വാക്സിനേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ഫരീദ അല്‍ ഖാജ അറിയിച്ചു. നേരത്തെ ചില വാക്സിനുകള്‍ എടുക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 വയസ്സാക്കി ദുബായ് കുറച്ചിരുന്നു.
കൊവിഡ് മുക്തര്‍ മൂന്ന് മാസം കാത്തിരിക്കേണ്ട
കൊവിഡ് രോഗമുക്തി നേടിയവര്‍ക്കും വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കൊവിഡ് മുക്തി നേടി മൂന്നു മാസം കഴിഞ്ഞാലാണ് വാക്‌സിനെടുക്കാന്‍ അര്‍ഹത നേടുക. എന്നാല്‍ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം ഇതിന്റെ ആവശ്യമില്ല. പകരം രോഗമുക്തി നേടിയ ശേഷമുള്ള ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ വാക്സിനെടുക്കാം. എന്നാല്‍ കൊവിഡ് ബാധിച്ച സമയത്ത് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കുമാണ് ഇപ്പോള്‍ വാക്സിനെടുക്കാന്‍ അര്‍ഹതയുണ്ടാവുക. കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരും ചികിത്സിച്ച ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ വാക്സിനെടുക്കാവൂവെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും സുരക്ഷിതം
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമായതായി ലത്തീഫ അമ്മയും കുഞ്ഞും ആശുപത്രി സിഇഒ ഡോ. മുന തഹലക് അറിയിച്ചു. എന്നാല്‍, പൊതുവെ വാക്സിനുകളെടുത്താല്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെങ്കില്‍ ഡോക്ടറുമായി ആലോചിച്ച ശേഷമേ വാക്സിന്‍ എടുക്കാവൂ. മുലയൂട്ടുന്ന സ്ത്രീകള്‍ വാക്സിനെടുക്കുന്നതിന്റെ മുമ്പോ ശേഷമോ മുലയൂട്ടല്‍ നിര്‍ത്തിവയ്ക്കേണ്ട ആവശ്യമില്ലെന്നും ഡോ. മുന പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിനും പ്രതിരോധ ശേഷി ലഭിക്കും
ഗര്‍ഭിണികളിലായാലും മുലയൂട്ടുന്ന സ്ത്രീകളിലായാലും മറ്റ് ശാരീരിക പ്രശ്നങ്ങളുണ്ടാക്കാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഫൈസര്‍ വാക്സിന് കഴിയും. വാക്സിനേഷനിലൂടെ ഇവരുടെ ശരീരത്തില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി ഇതുമായി ബന്ധപ്പെട്ട് മസാച്ചുസെറ്റ്, ഹാവഡ് ആശുപത്രികളില്‍ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. എന്നു മാത്രമല്ല, ഗര്‍ഭസ്ഥശിശുക്കളിലും പ്രതിരോധ ശേഷി നല്‍കാന്‍ വാക്സിന്‍ കാരണമാവുന്നതായും കണ്ടെത്തുകയുണ്ടായി. പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. മുന പറഞ്ഞു. ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും എടുക്കുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
11 കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭിക്കും
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ 11 വാക്സിന്‍ കേന്ദ്രങ്ങളിലും മറ്റുള്ളവര്‍ക്കൊപ്പം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്സിന്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രായമായവര്‍ക്കും രോഗികള്‍ക്കുമായി വാക്സിന്‍ വീട്ടിലെത്തിക്കുന്നതിന് രണ്ട് മൊബൈല്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റമദാനിലെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയും രാത്രി 9 മണി മുതല്‍ രാത്രി 12 മണി വരെയുമാണ് വാക്സിന്‍ ലഭിക്കുക. ഒഴിവുദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ 12 വരെ മാത്രമേ വാക്സിനേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ. അതേസമയം, റമദാനിലെ അവസാനത്തെ 10 ദിവസങ്ങളില്‍ രാത്രി സമയത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. മെയ് 7, 8 ദിവസങ്ങളില്‍ കേന്ദ്രങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു.