വിമാന യാത്രയ്ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്; ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ
Vaccination certificate for air travel; CEO of Qatar Airways
വരുംദിവസങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍. ഭാവിയില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പല രാജ്യങ്ങളും രാജ്യത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രാപ്പെട്ടു.
ജനങ്ങളുടെ സുരക്ഷ പ്രധാനം
എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്താണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് മാത്രമായി പ്രവേശം പരിമിതപ്പെടുത്തുന്നതിനെ കുറിച്ച് രാജ്യങ്ങള്‍ ആലോചിക്കുന്നതെന്നും അല്‍ ബാക്കിര്‍ ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് തന്നെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.
കൊവിഡ് വാക്‌സിന്‍- ആഗോള നീക്കം അനിവാര്യം
വിമാനത്താവളങ്ങളില്‍ വച്ച് ഒരാളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ശരിയാണോ എന്ന് ഓണ്‍ലൈനായി വിലയിരുത്തുന്നതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനം ഉണ്ടാവണം. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, അയാട്ട, ലോകാരോഗ്യ സംഘടന എന്നിവ സംയുക്തമായി കൈക്കൊള്ളുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക. അതേസമയം, കൊവിഡ് നിയന്ത്രണവിധേയമാവുകയും എല്ലാ രാജ്യങ്ങളിലും വാക്‌സിനെത്തുകയും ചെയ്ത സാഹചര്യത്തില്‍ വ്യോമഗതാഗതം അതിവേഗം പുരോഗതിയിലേക്കു കുതിക്കുമെമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാന സര്‍വീസുകള്‍ തുടങ്ങി
അതിനിടെ, 2017ന് ശേഷം ആദ്യമായി ഖത്തറില്‍ നിന്ന് ഈജിപ്തിലേക്കും യുഎഇയിലേക്കും വിമാന സര്‍വീസ് പുനരാരംഭിച്ചു. ഈജിപ്ത് എയര്‍ വിമാനം തിങ്കളാഴ്ച രാവിലെ ദോഹയില്‍ നിന്ന് കെയ്റോയിലേക്ക് പറന്നു. അതിന് തൊട്ടുമുമ്പ് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറബ്യേ വിമാനം ഖത്തറിലെത്തി. ഖത്തര്‍ എയര്‍വെയ്സ് വിമാനം ഇന്നലെ വൈകീട്ട് 3.30ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് 5.55ന് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ദോഹയ്ക്കും കെയ്റോയ്ക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചത് ഖത്തറിലുള്ള ആയിരക്കണക്കിന് ഈജിപ്ഷ്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. മൂന്ന് ലക്ഷത്തോളം ഈജിപ്തുകാര്‍ ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇതില്‍ പലര്‍ക്കും പ്രതിസന്ധി കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. സൗദിക്കും ഖത്തറിനുമിടയിലുള്ള വിമാന സര്‍വീസ് ജനുവരി 11ന് പുനരാരംഭിച്ചിരുന്നു. സൗദിയിലേക്കുള്ള കരമാര്‍ഗം യാത്രയും പുനരാരംഭിച്ചു കഴിഞ്ഞു.