Technology

വാട്‌സാപ്പില്‍ വെക്കേഷന്‍ മോഡ് വരുന്നു

Vacation mode is coming on WhatsApp

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വാട്‌സാപ്പിലെ വെക്കേഷന്‍ മോഡ് പല തവണയായി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ അധികം വൈകാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടത്രെ. അതേസമയം ആരിലും ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ഈ വെക്കേഷന്‍ മോഡ്? എന്തിന് വേണ്ടിയാണത്?

വാട്‌സാപ്പിലെ ചില ചാറ്റുകള്‍ക്ക് ഒരു ഇടവേള നല്‍കുന്ന സംവിധാവമായിരിക്കും ഇതെന്നാണ് വിവരം. അതായത് ചാറ്റുകള്‍ വാട്‌സാപ്പ് ചാറ്റ് ലിസ്റ്റില്‍ നിന്നും സ്ഥിരമായി മാറ്റിനിര്‍ത്തുന്ന സംവിധാനം. നിലവില്‍ വാട്‌സാപ്പിലെ ആര്‍ക്കൈവ് ചാറ്റ് എന്ന ഫീച്ചറില്‍ ചാറ്റുകളെ പ്രധാന വിന്‍ഡോയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയുണ്ട്. എന്നാല്‍ ഇങ്ങനെ ആര്‍ക്കൈവ് ചെയ്ത ചാറ്റുകളിലേക്ക് പുതിയ സന്ദേശങ്ങള്‍ വരുമ്പോള്‍ അത് വീണ്ടും പ്രധാന ലിസ്റ്റിലേക്ക് തിരികെ വരും.

വെക്കേഷന്‍ മോഡില്‍ ചാറ്റുകള്‍ക്ക് പൂര്‍ണ ഇടവേള നല്‍കുന്നതായിരിക്കും. അതായത് നമ്മള്‍ തീരുമാനിക്കുന്നത് വരെ ചില ചാറ്റുകളെ നിങ്ങള്‍ക്ക് സ്ഥിരമായി ഒളിച്ചുവെക്കാന്‍ സാധിക്കും.

വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് വെക്കേഷന്‍ മോഡ് വാട്‌സാപ്പ് ആപ്ലിക്കേഷനില്‍ എത്തിക്കഴിഞ്ഞാല്‍ പ്രധാന ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി പ്രത്യേകം സെക്ഷന്‍ ഉണ്ടാവും. ഈ സെക്ഷനില്‍ ഉപയോക്താക്കള്‍ക്ക് അവര്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ കാണാം. ഒപ്പം ഒരു നോട്ടിഫിക്കേഷന്‍ ബട്ടനും ഉണ്ടാവും. ഈ നോട്ടിഫിക്കേഷന്‍ ബട്ടനില്‍ രണ്ട് ടോഗിള്‍ ബട്ടനുകളുണ്ടാവും.

അതില്‍ ഒന്ന് അര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ സന്ദേശങ്ങള്‍ വന്നാല്‍ അവ കാണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനാണ്. രണ്ടാമത്തെ ബട്ടന്‍ സജീവമല്ലാത്ത ചാറ്റുകള്‍ ഓട്ടോമാറ്റിക് ആയി അര്‍ക്കൈവ് ചെയ്യുന്നതിനുള്ളതാണ്.

വലിയൊരു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയും അത്യാവശ്യ ആശയവിനിമയങ്ങള്‍ക്കായി വാട്‌സാപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഈ സമയം വെക്കേഷന്‍ മോഡ് പോലെ ഒരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഏറ്റവും ഉചിതമാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button