India

ഡിജിറ്റൽ ഇടപാടുകാര്‍ക്ക് നേട്ടം, യുപിഐ പേയ്‌മെന്‍റ് പരിധി 5 ലക്ഷം രൂപയായി ഉയർത്തി

UPI Update RBI MPC Meeting Update

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മോണിറ്ററി പോളിസി കമ്മിറ്റി  (Monetary Policy Committee – MPC) യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ആണ് ആറംഗ കമ്മിറ്റി കൈക്കൊണ്ടത്. MPC സ്വീകരിച്ച തീരുമാനങ്ങള്‍ RBI ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളുമായി പങ്കുവച്ചു.

സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി യോഗം ഡിജിറ്റൽ ഇടപാടുകാര്‍ക്ക് നേട്ടം നല്‍കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിയ്ക്കുന്നത്. അതായത്, UPI പേയ്‌മെന്‍റ്  പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി RBI ഉയർത്തി. രണ്ട് പ്രധാന വിഭാഗങ്ങള്‍ക്കാണ് ഇത് ബാധകമാവുന്നത്‌. അതായത്, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും UPI വഴി പേയ്‌മെന്‍റ് നടത്തുമ്പോള്‍ ഓരോ ഇടപാടിനും മുന്‍പ് ഒരു ലക്ഷം രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍  5 ലക്ഷം രൂപ കൈമാറ്റം നടത്താം.

വിവിധ വിഭാഗങ്ങളിലെ UPI ഇടപാടുകൾക്കുള്ള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്തിട്ടുണ്ടെന്ന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

“ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പേയ്‌മെന്‍റ് നടത്തുന്നതിനുള്ള യുപിഐ ഇടപാട് പരിധി ഒരു ഇടപാടിന് 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.” ഗവര്‍ണര്‍ പറഞ്ഞു.

റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്‍റുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോമായി യുപിഐയുടെ സർവ്വവ്യാപിത്വം വർദ്ധിപ്പിക്കുന്നതിന് സെൻട്രൽ ബാങ്ക് നടപടികൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. അതായത്, റിസർവ് ബാങ്കിന്‍റെ മോണിറ്ററി കമ്മിറ്റി നടത്തുന്ന ഈ യോഗം 2 മാസത്തിലൊരിക്കലാണ് നടക്കുന്നത്.  കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന സൈക്കിളിനു പുറത്തുള്ള അവലോകനങ്ങളും ഉണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന ഈ യോഗം മൂന്നാം ദിവസം ആർബിഐ ഗവർണർ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം അറിയിക്കുന്നതോടെയാണ് അവസാനിക്കുന്നത്‌.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button