കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി
Union Agriculture Minister ready for talks with farmers
ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ. കർഷക സംഘടനകളുടെ പ്രതിഷേധ മാർച്ച് ഡൽഹിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര കൃഷി മന്ത്രി കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് നടക്കുന്ന ചർച്ചയിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കർഷക സഹോദരങ്ങളോട് പ്രക്ഷോഭം നടത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും ഞങ്ങൾ തയ്യാറാണ്.’ നരേന്ദ്ര സിങ് തോമർ പറഞ്ഞു. ചർച്ചയിൽ അനുകൂലമായ ഫലം ലഭിക്കുമെന്ന് തനിക്ക് ഉറപ്പാണ്. പുതിയ കാർഷിക നിയമങ്ങൾ കാലത്തിന്റെ ആവശ്യമായിരുന്നു. വരും സമയത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസയമം ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനകൾ രാജ്യ തലസ്ഥാനത്തേക്ക് എത്തുകയാണ്. ഇന്ന് രാവിലെ ഹരിയാന അതിർത്തിയിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് കർഷകരെ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു.
ഹരിയാനയിലെ അംബാലയിൽ കർഷകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. പലയിടത്തും കർഷകർ ബാരിക്കേഡുകൾ കടന്ന് മുന്നേറുയും ചെയ്തിരുന്നു. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് ഏതുവിധേനയും തടയുമെന്നാണ് പോലീസ് നിലപാട്. പാർലമെന്‍റിനു സമീപത്തേക്ക് കടക്കുക എന്ന ലക്ഷ്യവുമായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.