യുഎൻഎ സാമ്പത്തിക ക്രമക്കേട്: നേതാവ് ജാസ്മിൻ ഷാ അടക്കം നാലുപേർ അറസ്റ്റിൽ
UN economic scandal: Four arrested, including leader Jasmine Shah
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ട് തിരിമറിക്കേസിൽ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിൻ ഷാ ഉൾപ്പെടെ നാലു പ്രതികൾ അറസ്റ്റിൽ. ജാസ്മിൻ ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫിസ് സ്റ്റാഫ് പി ഡി ജിത്തു എന്നിങ്ങനെ നാലുപേരെയാണ് തൃശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. അതേസമയം കേസിൽ ഉൾപ്പെട്ട അഞ്ച് മുതൽ ഏഴ് വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം വി സുധീർ എന്നിവർക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വ്യാജ രേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. യുഎൻഎയുടെ നേതൃത്വത്തിൽ ജാസ്മിൻ ഷാ അടക്കം നാലുപേർ മൂന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് വൈസ് പ്രസിഡന്റായ സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി എഴുപത്തിയൊന്ന് ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നത്. ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുളളത്. വ്യാജരേഖയുണ്ടാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തുക കൈമാറി വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പരാതിയുടെ ചുരുക്കം.
സംഘടന തീരുമാനിക്കാതെ വ്യക്തികൾക്ക് ലക്ഷങ്ങൾ നൽകി, അംഗത്വഫീസായി 2017 ഏപ്രിൽ മുതൽ 20,000 പേരിൽ നിന്ന് 500രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു, ഇത് കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചു, ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടിൽ വന്നിട്ടില്ല. രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല, ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്‌ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നടത്തുന്ന സംഘടനയുടെ സാമ്പത്തിക ക്രമക്കേടുകൾ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പരാതിയിൽ പറയുന്നു.