ലണ്ടൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലും ഫലപ്രാപ്തി തെളിയിച്ച് യുകെ, ബഹ്റൈൻ സര്‍ക്കാരുകള്‍ കൊവിഡ് 19 വാക്സിന് ദിവസങ്ങളുടെ ഇടവേളയിൽ അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ഫൈസര്‍ കമ്പനി സിഇഓ. കമ്പനി നിര്‍മിച്ച വാക്സിൻ കൊവിഡ് 19 വ്യാപനം തടയാൻ സഹായകമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഫൈസര്‍ സിഇഓ ആൽബര്‍ട്ട് ബൗള പ്രതികരിച്ചു. എന്നാൽ കമ്പനി സിഇഓ അടിസ്ഥാനപരമായ കാര്യത്തിൽ മാത്രമാണ് സംശയമുന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്സിനേഷനു ശേഷവും ഒരാള്‍ക്ക് കൊവിഡ് പരത്താൻ സാധിക്കുമോ എന്ന മാധ്യമ അഭിമുഖത്തിലെ ചോദ്യത്തിനായിരുന്നു ഫൈസര്‍ സിഇഓയുടെ മറുപടി. “എനിക്ക് ഉറപ്പില്ല” എന്നായിരുന്നു എൻബിസി വാര്‍ത്താ അവതാരകൻ ലെസ്റ്റര്‍ ഹോള്‍ട്ടിൻ്റെ ചോദ്യത്തിന് ഫൈസര്‍ സിഇഓ നല്‍കിയ മറുപടി. നിലവിൽ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തിൽ നിലവിൽ ഉറപ്പ് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തെ വാക്സിൻ എങ്ങനെ സ്വാധീനിക്കുമെന്ന് ഇതുവരെ ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടില്ലെന്നാണ് ഗവേഷണവുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. വാക്സിൻ സ്വീകരിച്ച ആളുകള്‍ക്ക് രോഗം വരില്ലെങ്കിലും അവര്‍ക്ക് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകര്‍ത്താൻ കഴിഞ്ഞേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഫൈസര്‍ നിര്‍മിച്ച കൊവിഡ് 19 പ്രതിരോധ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. 8 ലക്ഷം ഡോസ് അടങ്ങിയ ഈ വാക്സിൻ്റെ ആദ്യ ബാച്ച് പുറത്തിറക്കാൻ ഒരുങ്ങുകയാണ് യുകെ. അടുത്തയാഴ്ച മുതൽ ഇത് വിതരണം ആരംഭിക്കാൻ കഴിയുമെന്ന് ബ്രിട്ടീഷ് വ്യവസായ മന്ത്രി അലോക് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ലക്ഷക്കണക്കിന് ഡോസ് ഫൈസര്‍ വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര‍് പ്രതീക്ഷിക്കന്നത്. എന്നാൽ വാക്സിൻ്റെ ഉത്പാദനത്തിലുള്ള വേഗത ഇക്കാര്യത്തിൽ നിര്‍ണായകമാണ്.
ബുധനാഴ്ചയാണ് യുകെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കിയത്. ഇതിനു പിന്നാലെ ഫൈസറിൻ്റെ വാക്സിൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ബഹ്റൈൻ സര്‍ക്കാരും അനുമതി നല്‍കുകയായിരുന്നു. മുൻപ് ചൈനീസ് സര്‍ക്കാര്‍ സ്ഥാപനമായ സിനോഫാം നിര്‍മിച്ച വാക്സിനും ബഹ്റൈൻ സര്‍ക്കാര‍് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലും ഫൈസര്‍ സമാനമയ അനുമതി തേടിയിട്ടുണ്ട്.