India

അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ ഡോക്ടര്‍ക്ക് നല്‍കി 31 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍

Two arrested for embezzling Rs 31 lakh from doctor

മീററ്റ്: ‘അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ ഡോക്ടര്‍ക്ക് നല്‍കി 31 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. അറബിക്കഥകളിലെ പ്രശസ്തമായ അലാവുദ്ദീന്റെ അദ്ഭുതവിളക്കാണെന്ന പേരില്‍ സ്വര്‍ണനിറമുള്ള വിളക്ക് നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. അദ്ഭുതവിളക്കിന് പുറത്ത് തിരുമ്മിയാല്‍ എതാഗ്രഹവും സാധിച്ചു തരുന്ന ജിന്ന് പ്രത്യക്ഷപ്പെടുന്നതായാണ് കഥയില്‍. ഡോക്ടറെ വിശ്വസിപ്പിക്കാന്‍ ഒരു ‘ജിന്നിനെ’ വരെ ഇവര്‍ സെറ്റാക്കിയിരുന്നു.

ഒക്ടോബര്‍ 25-നാണ് ഡോ. എല്‍.എ. ഖാന്‍ തട്ടിപ്പിനെ കുറിച്ച് പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇക്രാമുദ്ദീന്‍, അനീസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരുടേയും അമ്മയെന്നവകാശപ്പെട്ട ഒരു സ്ത്രീയെ ചികിത്സിക്കുന്നതിനായി ഡോക്ടറെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയതു വഴിയുള്ള പരിചയമാണ് പിന്നീട് തട്ടിപ്പിലേക്കെത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

ചികിത്സയുടെ ഭാഗമായി വീട്ടിലെത്തിയിരുന്ന ഡോക്ടറോട് അദ്ഭുതസിദ്ധികളുള്ള ബാബയെകുറിച്ച് സ്ഥിരമായി ഇവര്‍ പറയാനാരംഭിച്ചു. ബാബയെ കാണാനും ഇവര്‍ ഡോക്ടറെ നിര്‍ബന്ധിക്കാനാരംഭിച്ചു. അവസാനം ബാബയെ സന്ദര്‍ശിച്ചതായി ഡോക്ടര്‍ പരാതിയില്‍ പറഞ്ഞു. പിന്നീട് ഇവര്‍ ഡോക്ടടറുടെ മുമ്പില്‍ വിളക്കുമായെത്തി. ഒന്നരക്കോടി രൂപയാണ് ഇവര്‍ അദ്ഭുതവിളക്കിന് പ്രതിഫലമായി ആവശ്യപ്പെട്ടത്. അവസാനം 31 ലക്ഷം രൂപയ്ക്ക് വിളക്ക് നല്‍കാമെന്ന് ഇവര്‍ സമ്മതിച്ചു.

ഒരു തവണ അലാവുദ്ദീനെ കണ്ടതായും ഡോക്ടര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാള്‍ തന്നെയാണ് അലാവുദ്ദീനായി വേഷമിട്ട് തന്റെ മുന്നിലെത്തിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഘം മറ്റു പല വീടുകളിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഘത്തിലെ ഒരു സ്ത്രീയെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button