Qatar

‘ട്രോളിംഗ്’ കഫെ; ഖത്തര്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം

'Trolling' Cafe; Qatar is the new star on social media

ദോഹ: ഖത്തര്‍ തലസ്ഥാന നഗരിയായ ദോഹയില്‍ പുതിയതായി ആരംഭിച്ച ഒരു കൊച്ചു കഫെയാണ് ഇവിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരം. ‘ഡിപെന്റ്‌സ്’ എന്നാണ് ചെറിയ രീതിയില്‍ തുടങ്ങിയ കഫേയുടെ പേര്. കഫേയിലെ വിഭവങ്ങളാണ് ഇതിനെ സോഷ്യല്‍ മീഡിയ താരമാക്കിയതെന്നു കരുതിയെങ്കില്‍ തെറ്റി. ട്രോളര്‍മാര്‍ ഇതിനെ ട്രോളിംഗ് കഫേ എന്ന് വിളിക്കാന്‍ കാരണം ഡിപെന്റ്‌സ് എന്ന അതിന്റെ പേരു തന്നെയാണ്. പേരു മാത്രമല്ല അത് എഴുതിയ രീതിയും.

കഫെയുടെ പേരു തന്നെ ഒരു ട്രോളാണോ എന്നാണ് സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ സംശയം. ഇതിനു പിന്നില്‍ കുറച്ച് ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്ന ചോദ്യം. സംഭവമിതാണ്. ഏതാനും മാസം മുമ്പ് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ പത്രം ഒരു ‘ലീക്ക്ഡ്’ രേഖ പ്രസിദ്ധീകരിച്ചിരുന്നു. ഖത്തര്‍ ഭരണാധികാരി അല്‍ ജസീറ ടിവിയുടെ പ്രധാന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വന്‍തുക കൈക്കൂലി നല്‍കിയെന്നായിരുന്നു പത്രത്തിന്റെ ആരോപണം.

അമീറിന്റെ കൊട്ടാരമായ അമീരി ദിവാനില്‍ നിന്ന് ചോര്‍ത്തിയതെന്ന് അവകാശപ്പെടുന്ന രേഖയില്‍ കൈക്കൂലി നല്‍കേണ്ട എട്ട് മാധ്യമ പ്രവര്‍ത്തകരുടെ പേര് വിവരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അമീരി ദിവാന്റേതെന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച രേഖ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. അതിലെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രേഖയില്‍ പേര് പറയപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. രേഖയിലെ ഒപ്പും വ്യാജമാണെന്ന് പിന്നീട് ബോധ്യമായി. ‘ഡിപെന്റ്‌സ്’ എന്ന് എഴുതിയ ഒപ്പോടുകൂടിയ രേഖകളായിരുന്നു ഔദ്യോഗികമെന്ന വ്യാജേന പത്രം പുറത്തുവിട്ടത്. അപ്രൂവ്ഡ് എന്നതിന് പകരമായിരുന്നു ഡിപെന്റ്‌സ് എന്ന് രേഖയില്‍ എഴുതിയിരുന്നത്.

ഈ രേഖയിലെ ഒപ്പുമായും അതിന്റെ എഴുത്തുരീതിയുമായും ഡിപെന്റ്‌സ് കഫേയുടെ ബ്രാന്റ് നാമത്തിലും ലോഗോയ്ക്കും സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. പത്രത്തിന്റെ വ്യാജവാര്‍ത്തയെ ട്രോളുകയാണ് കഫെയ്ക്ക് ഇത്തരമൊരു പേരിട്ടതിലൂടെ അതിന്റെ ഉടമകളുടെ ലക്ഷ്യമെന്നാണ് അവരുടെ കണ്ടെത്തല്‍. അങ്ങനെ ട്രോളിംഗ് കഫെയെന്ന മറ്റൊരു പേര് കടയ്ക്കു നല്‍കിയിരിക്കുകയാണ് ട്രോളര്‍മാരിപ്പോള്‍.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 2007 ല്‍ ഖത്തറിനെതിരേ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷത്തെ സോഷ്യല്‍ മീഡിയയും സജീവമായിരുന്നു. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഉടമ സൗദിയാണെന്നതും യുഎഇ കേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതും ഖത്തര്‍ ട്രോളര്‍മാര്‍ വ്യാജവാര്‍ത്തക്കെതിരേ സജീവമായി രംഗത്തുവരാന്‍ കാരണമായിരുന്നു. പുതിയ ഡിപെന്റ്‌സ് കഫേ സോഷ്യല്‍ മീഡിയയില്‍ താരമായതിന്റെ കാരണവും ഇതു തന്നെ. എന്തായാലും ചെലവില്ലാതെ ചുളുവില്‍ നല്ല പരസ്യം നേടിയെടുക്കാനായതിന്റെ ആവേശത്തിലാണ് കഫേ ഉടമകള്‍.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Source
Source

Leave a Reply

Your email address will not be published. Required fields are marked *

Back to top button