കർഷകർക്ക് പിന്തുണയുമായി ഗതാഗത സംഘടനകൾ; ഭാരത് ബന്ദിന് ഐക്യം
Transportation organizations with support for farmers; Unity for Bharat Bandh
ന്യൂഡൽഹി: ഡിസംബർ എട്ടിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ നൽകി ട്രാൻസ്പോർട്ട് സംഘടനകൾ. ഡൽഹി
ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
“ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് കൃഷിയും ഗതാഗതവും. ഭാരത് ബന്ദിന് 51 ട്രാൻസ്പോർട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും.” ഇന്ത്യ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് സതീഷ് സൊഹ്റാവത് പറഞ്ഞു. “ഞങ്ങളുടെ ബിസിനസിന്റെ വേരുകൾ കർഷകരാണ്, കർഷകർ ഞങ്ങളുടെ സഹോദരണങ്ങളാണ്.” ഡൽഹി ചരക്ക് ഗതാഗത അസോസിയേഷൻ പ്രസിഡന്റ് പർമീത് സിങ് പറഞ്ഞു.
കർഷകരുടെ സമരത്തിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഡിസംബർ എട്ടിന് പണിമുടക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ എട്ടിന് നടക്കുന്ന ഭാരത് ബന്ദിന്, കോൺഗ്രസ്, സിപിഎം, ഡിഎംകെ, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി, സമാജ്വാദി പാർട്ടി, ടിആർഎസ് തുടങ്ങിയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി കർഷക സമരം തുടരുകയാണ്.