Entertainment

ടോവിനോയുടെ ‘മിന്നൽ മുരളി’; ആകാംക്ഷയോടെ സിനിമാ പ്രേമികൾ

Tovino’s ‘Minnal Murali’; Movie lovers with curiosity

ടോവിനോ ബേസിൽ ജോസഫ് എന്നിവരൊന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘മിന്നൽ മുരളി’. ചിത്രത്തിന്റെ ഷൂട്ടിങ് ഒന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ചിത്രം അടുത്ത ഷെഡ്യൂളിലേക്ക് കടക്കുന്നതിന് മുൻപായി സിനിമയുടെ അണിയറക്കാർ ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ. മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടാനൊരുങ്ങുകയാണ് ടീം. ഓഗസ്റ്റ് 25ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾ തങ്ങളുടേത് മാത്രമായ, സ്വന്തമായ ഒരു സൂപ്പർഹീറോയെ കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സമീർ താഹിറാണ് മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത്. മനു ജഗതാണ് കല നിർവ്വഹിക്കുന്നത്. വി എഫ് എക്സിന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button