കെഎസ്ആർടിസി നടത്താനറിയാത്തവർ വിമാനതാവളം നടത്തിപ്പിൽ കേന്ദ്രത്തെ വിമർശിക്കുന്നു: വി മുരളീധരൻ
Those who do not know how to run KSRTC criticize Center for running the airport: V Muraleedharan
തിരുവനന്തപുരം: തിരുവനന്തപുരം വിമാനതാവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയതു സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സർക്കാർ തന്നെ ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. സംസ്ഥാന സർക്കാരിന്റെ കമ്പനിയേക്കാൾ കൂടുതൽ ലേല തുക കാണിച്ചതിനാൽ ആണ് ആദാനി ഗ്രൂപ്പിന് വിമാനതാവളം കൈമാറിയത്- വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ലേല തുക. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ നടന്നത്. ലേലത്തിൽ പങ്കെടുത്ത സർക്കാർ കമ്പനിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജൻസിയാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.”
“വിമാനതാവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി കേന്ദ്രത്തെ പഴിചാരി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്.”
“കെഎസ്ആർടിസിയിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം എംഡി ബിജു പ്രഭാകർ പരസ്യമായി പ്രതികരിച്ചതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാത്ത കേരളാ സർക്കാർ വിമാനതാവള നടത്തിപ്പിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത് തീർത്തും അപഹാസ്യമാണെന്ന് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയും,” ഇരട്ടച്ചങ്കൻ അല്ല, ഇരട്ടത്താപ്പൻ എന്ന തലക്കെട്ടോടെയാണ് മുരളീധരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.