‘സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല; കടുത്ത നിയന്ത്രണങ്ങൾ’
'There is no lockdown in the state; Strict restrictions'
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനയില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധന, വാക്സിൻ, നിയന്ത്രണങ്ങൾ ഏന്നീ കാമ്പെയിനുകളാണ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി കേരളം മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കും. പരമാവധി യോഗങ്ങൾ ഓൺലൈനായി ചേരണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. 150 പേർക്കാണ് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോം ഡെലിവറി വര്‍ദ്ധിപ്പിക്കാൻ കടകൻ മുൻകൈയെടുക്കണം. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.
വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് അനുമതി ആവശ്യമില്ല. എന്നാൽ വിവരം മുൻകൂറായി അറിയിക്കണം. തിയേറ്ററുകളും ബാറുകളും രാത്രി ഒൻപത് മണിക്കു മുമ്പ് അടക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
ലോക്ക്ഡൗൺ ഏര്‍പ്പെടുത്താൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി രോഗ വ്യാപനം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.