സുവര്‍ണക്ഷേത്രത്തിൽ യുവാവിനെ വിശ്വാസികള്‍ അടിച്ചുകൊന്നു
The young man was beaten to death by the believers at the Golden Temple
അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിൽ ദൈവനിന്ദ ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ അമൃത്സറിലുള്ള സിഖ് വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായ സുവര്‍ണക്ഷേത്രത്തിൽ വച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, 24 – 25 വയസ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. എല്ലാ ദിവസവുമുള്ള സായാഹ്ന പ്രാര്‍ത്ഥന (രെഹ്രാസ് സാഹിബ് പാഥ്) യ്ക്കിടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ റെയിലിംഗിലൂടെ ഒരു യുവാവ് ചാടിയത്.
വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന് മുന്നിലുള്ള വാളിൽ തൊടാൻ ശ്രമിച്ചതോടെ യുവാവിനെ വിശ്വാസികള്‍ ചേര്‍ന്ന് തടയുകയും തല്ലിക്കൊല്ലുകയുമായിരുന്നു. ഗ്രാന്ഥി സിഖ് വിഭാഗത്തിൽപെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തായിരുന്നു വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയതായി ഡിസിപി വ്യക്തമാക്കി. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നാണ് റിപ്പോർട്ട്.
ഇയാള്‍ എവിടെ നിന്നാണ് വന്നത്, എപ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു, ഇയാളുടെ ഒപ്പം എത്ര പേര്‍ ഉണ്ടായിരുന്നു എന്നെല്ലാമറിയാനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറയുന്നു.
അതേസമയം, കേസിലെ പ്രതിയെ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ വിമര്‍ശനവുമായി പഞ്ചാബിലെ രാഷ്ട്രീയ നേതാക്കള്‍ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവര്‍ത്തിച്ച എല്ലാവരേയും പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ഹിന്ദിയിലും പഞ്ചാബിയിലും ട്വീറ്റ് ചെയ്തിട്ടുണ്ട്.
സുവര്‍ണക്ഷേത്രത്തിലെ ദൈവനിന്ദ ഏറെ ദുഖമുണ്ടാക്കുന്നതാണ്, എല്ലാവരേയും ഞെട്ടിച്ചു. ഇതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. ഏറ്റവും കഠിനമായ ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക് നൽകണമെന്നും അദ്ദേഹം ആരോപിക്കുന്നു. പഞ്ചാബിനേയും പഞ്ചാബികളേയും ദൈവം സംരക്ഷിക്കട്ടേ എന്ന് പറഞ്ഞാണ് തന്റെ ട്വീറ്റ് അവസാനിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.