കൊല്ലത്ത് താപനില കുതിച്ചുയരുന്നു, ചൂട് 40 ഡിഗ്രിയില്‍, ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍
The temperature is soaring in Kollam, the temperature is 40 degrees, the district collector needs to be careful
Malayalam News
കൊല്ലം: ജില്ലയില്‍ കഴിഞ്ഞ ദിവസം ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതിന് പിന്നാലെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍. അന്തരീക്ഷ താപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു,.
പകല്‍ 11 മണിമുതല്‍ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാന്‍ ഇടനല്‍കരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുകയുമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവുമാകാം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കും. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം നടത്തുകയോ ചെയ്യണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഉറപ്പാക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശതഅനുഭവിക്കുന്നവര്‍ തുടങ്ങിയവിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (ഒരു മണി മുതല്‍ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇതേസമയത്തു കുടകള്‍ ഉപയോഗിക്കണം, നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കാം.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമം ഉറപ്പാക്കണം, വെള്ളം കരുതണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടരുത്. മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടാനുംപാടില്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ലഭ്യമാക്കാം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിയിട്ട് പോകരുത്.
ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കുകയുംവേണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
<https://zeenews.india.com/malayalam/kerala/the-temperature-is-soaring-in-kollam-the-temperature-is-40-degrees-the-district-collector-needs-to-be-careful-192351