Kerala

അയ്യങ്കാളി ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചൈതന്യം: മുഖ്യമന്ത്രി

The spirit marked in the history of Ayyankali: CM

തിരുവനന്തപുരം: ജന്മിത്വത്തിന്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിന്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിന്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, അക്ഷരം പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവൻ്റെ ഏറ്റവും മൗലികമായ അവകാശങ്ങൾ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ ആ അനീതികൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി.

സവർണ ജാതിക്കാർക്കു മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന രാജവീഥിയിലൂടെ അദ്ദേഹം ഓടിച്ചു കയറ്റിയ വില്ലുവണ്ടിയുടെ ചക്രങ്ങൾ, യാഥാസ്ഥിതികതയിൽ പൂണ്ടു കിടന്നിരുന്ന കേരള സമൂഹത്തെ ആധുനികതയിലേക്കാണ് നയിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ അടിയാള സ്ത്രീകൾ ജാതിയുടെ ചിഹ്നങ്ങളുപേക്ഷിച്ചു കൊണ്ട് വസ്ത്ര സ്വാതന്ത്ര്യത്തിനായി സമരരംഗത്തിറങ്ങി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് കുട്ടികൾക്കായി അദ്ദേഹം വിദ്യാലയം തന്നെ ആരംഭിച്ചു. അവകാശ നിഷേധത്തിനെതിരെ കാർഷിക പണിമുടക്ക് സമരം നടത്തിക്കൊണ്ട് കേരളത്തിലെ കർഷകത്തൊഴിലാളി മുന്നേറ്റത്തിന് മാർഗദർശിത്വം നൽകി. ജാതിക്കെതിരായ സമരങ്ങൾ വർഗ ചൂഷണത്തിനെതിരായ സമരങ്ങൾ കൂടിയാണെന്നദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.

നീതിരഹിതവും അധാർമ്മികവുമായ ജാതിവ്യവസ്ഥ സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യൻകാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കും. അദ്ദേഹത്തിന്റെ ചരിത്രം നമ്മൾ പഠിക്കണം. നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഓർമ്മകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണം. അയ്യൻകാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അർത്ഥപൂർണമാകട്ടെ.” മുഖ്യമന്ത്രി പറഞ്ഞു.

അയ്യൻകാളിയുടെ ജയന്തിസ്മരണ, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ മോചനത്തിനായി യത്നിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. “സാമൂഹ്യപരിഷ്കർത്താക്കളുടെ ചിന്തയിലൂടെയും വളർന്ന കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതാണ് പിണറായി വിജയൻ സർക്കാരെന്ന് കഴിഞ്ഞ നാലേകാൽ വർഷത്തെ ഭരണം സംശയരഹിതമായി തെളിയിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button