Qatar

സൗദി-ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നു, ജിസിസി ഉച്ചകോടി ഇന്ന്, ഖത്തര്‍ അമീറും പങ്കെടുക്കും

The Saudi-Qatar border has been opened and the GCC summit will be attended by the Emir of Qatar today

ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നര വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്ന ഖത്തര്‍-സൗദി അിര്‍ത്തികള്‍ തുറന്നു. ഇന്ന് റിയാദില്‍ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയുടെ മുന്നോടിയായാണ് സുപ്രധാനമായ നടപടി സൗദിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കര-വ്യോമ-സമുദ്രാര്‍ത്തികള്‍ തുറന്നത്. കര അതിര്‍ത്തിയായ സല്‍വ ക്രോസിംഗ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

​കുവൈറ്റ് നിര്‍ദ്ദേശം സൗദി അംഗീകരിച്ചു

അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് അഹ്മദ് അല്‍ സബാഹാണ് പ്രഖ്യാപിച്ചത്. കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് മുന്നോട്ടുവച്ച ഉപാധി സൗദി അംഗീകരിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ന് റിയാദില്‍ ചേരുന്ന ജിസിസി ഉച്ചകോടിക്ക് മുമ്പായി ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം വള്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നര വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്ന അതിര്‍ത്തികള്‍ തുറക്കാന്‍ സൗദി തയ്യാറായത്.

​ഖത്തര്‍ അമീറും പങ്കെടുക്കും

റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കണമെങ്കില്‍ അതിര്‍ത്തികള്‍ തുറക്കണമെന്ന നിര്‍ദ്ദേശം ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നേരത്തേ മുന്നോട്ടുവച്ചിരുന്നു. പരസ്പരം വിശ്വാസം വളര്‍ത്താന്‍ ഈ നടപടി ഉപകരിക്കുമെന്നായിരുന്നു ഖത്തറിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടതോടെ ഖത്തര്‍ അമീര്‍ തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. 2017ല്‍ ഉപരോധം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള ജിസിസി ഉച്ചകോടികളില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല.

​ഗള്‍ഫ് പ്രതിസന്ധി തീരുന്നു

പുതിയ സാഹചര്യത്തില്‍ മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ സമഗ്ര പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പ്രധാന സൂചനയായാണ് അതിര്‍ത്തി തുറന്ന സൗദിയുടെ നടപടി. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താനും പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദിക്കുള്ള ആത്മാര്‍ഥത വ്യക്തമാക്കാനും സഹായകമായതായാണ് വിലയിരുത്തല്‍. അതിര്‍ത്തികള്‍ തുറന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാനാവും. അതോടൊപ്പം ഇരുരാജ്യങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന അടുത്ത കുടുംബക്കാര്‍ക്ക് പുനസ്സമാഗമത്തിനുള്ള വഴിയുമൊരുങ്ങും.

​വ്യോമപാത തുറക്കാന്‍ ഈജിപ്തും

അതിനിടെ, ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമാതിര്‍ത്തി തുറക്കാനും ദോഹയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ അനുവദിക്കാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2017ല്‍ ആരംഭിച്ച ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം പിന്‍വലിക്കാന്‍ സൗദി അറേബ്യയോടും അമേരിക്കയോടും ഈജിപ്ത് സന്നദ്ധത അറിയിച്ചതായും അല്‍ അറബി അല്‍ ജദീദ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളെ ഈജിപ്തും മറ്റ് ഉപരോധ രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും നേരത്തേ സ്വാഗതം ചെയ്തിരുന്നു.

​ഇന്ന് പരിഹാര കരാറില്‍ ഒപ്പുവയ്ക്കും

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഇന്നത്തെ ജിസിസി യോഗത്തില്‍ ഇരു വിഭാഗവും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഇതിന് സാക്ഷിയാവാന്‍ വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസര്‍ ജാരെദ് കുഷ്‌നെര്‍ അടുക്കമുള്ള മുതിര്‍ന്ന യുഎസ് പ്രതിനിധികള്‍ റിയാദിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുഷ്‌നെറുടെ നേതൃത്വത്തിലും നേരിട്ടുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഉപരോധം പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്കെതിരേ അമേരിക്കയില്‍ അടക്കം നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

​ഉപരോധം പ്രഖ്യാപിച്ചത് 2017ല്‍

-2017

2017 ജൂണ്‍ അഞ്ചിനായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കണം, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ തങ്ങള്‍ക്കെതിരേ ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് എന്തൊക്കെ നടപടികളാണ് ഇരു വിഭാഗങ്ങളും കൈക്കൊള്ളുകയെന്ന് ഇന്നറിയാം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button