2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്രം പൂർത്തിയാകും
The Ram temple will be completed before the 2024 Lok Sabha elections
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായതോായി രാമക്ഷേത്ര നിര്‍മാണത്തിൻ്റെ ചുമതലയുള്ള സമിതി. കോൺക്രീറ്റ് ഉപയോഗിച്ചുള്ള ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയായെന്നും ഇനി കരിങ്കല്ല് ഉപയോഗിച്ചുള്ള നിര്‍മാണമാണ് നടക്കാനുള്ളതെന്നും ക്ഷേത്രനിര്‍മാണത്തിനു മേൽനോട്ടം വഹിക്കുന്ന ശ്രീ റാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
കൊവിഡ് 19 മഹാമാരിയുടെ ഭാഗമായുണ്ടായ നിയന്ത്രണങ്ങള്‍ക്കിടയിലും ക്ഷേത്രനിര്‍മാണം മുടങ്ങാതെ പുരോഗമിക്കുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺക്രീറ്റ് ഉപയോഗിച്ചു നിര്‍മിച്ച അടിത്തറയുടെ നിര്‍മാണം പൂര്‍ത്തിയായതായാണ് ക്ഷേത്ര ട്രസ്റ്റിനെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്. “ആദ്യ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി കല്ല് ഉപയോഗിച്ചുള്ള അടുത്ത ഘട്ടമാണ നിര്‍മിക്കാനുള്ളത്. കോൺക്രീറ്റ് കൊണ്ടുള്ള പ്രതലത്തിനു മുകളിലായി കര്‍ണാടകയിൽ നിന്നു കൊണ്ടുവരുന്ന ഗ്രാനൈറ്റും മിര്‍സാപൂരിൽ നിന്നുള്ള സാൻഡ്സ്റ്റോണുമാണ് വിരിക്കാനുള്ളത്.” ചംപത് റായ് വാര്‍ത്താ ഏജൻസിയോടു പറഞ്ഞു. ക്ഷേത്രത്തിൻ്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്.
ഈ വര്‍ഷം ഡിസംബറിൽ തന്നെ മിര്‍സാപൂരിൽ നിന്നുള്ള പിങ്ക് നിറത്തിലുള്ള സാൻഡ് സ്റ്റോണുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തുടങ്ങുമെന്ന് ട്രസ്റ്റ് ഭാരവാഹിയായ അനിൽ മിശ്രയും മുൻപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 400 അടി നീളവും 300 അടി വീതിയുമാണ് ക്ഷേത്രത്തിൻ്റെ അടിത്തറയ്ക്കുള്ളത്. 50 അടി താഴ്ചയിൽ നിന്നാണ് അടിത്തറ തുടങ്ങിയിരിക്കുന്നത്. ഇവിടെ 10 ഇഞ്ച് കനത്തിൽ അൻപത് പാളികളായാണ് കോൺക്രീറ്റ് നിറച്ചിരിക്കുന്നത്. ഈ അടിത്തറയ്ക്കു മുകളിലാണ് കല്ലുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണം. 2023 ഡിസംബര്‍ മാസത്തോടു കൂടി ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ അടക്കമുള്ള പ്രധാനഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിഎച്ച്പി വൃത്തങ്ങള്‍ പറയുന്നത്. കണക്കു കൂട്ടിയതിലും വേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും അവര്‍ പറയുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയിൽ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയ്ക്കു പിന്നാലെയായിരുന്നു ക്ഷേത്രനിര്‍മാണം തുടങ്ങിയത്. അയോധ്യയിൽ മുസ്ലീം പള്ളി നിര്‍മിക്കാനായി അഞ്ചേക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ക്ഷേത്രത്തിനു തറക്കല്ലിട്ടത്. മൂന്നു നിലകളായാണ് ക്ഷേത്രം നിര്‍മിക്കുന്നത്. എൽ ആൻറ് ടി കമ്പനിയ്ക്കാണ് ക്ഷേത്രത്തിൻ്റെ നിര്‍മാണ ചുമതല. നാൽപതടിയോളം ആഴത്തിൽ മേൽമണ്ണ് മാറ്റിയ ശേഷമാണ് ക്ഷേത്രത്തിൻ്റെ അടിത്തറയുടെ നിര്‍മാണം തുടങ്ങിയത്.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ക്ഷേത്രത്തിനു 161 അടി ഉയരമുണ്ടാകും. 360 അടി നീളവും 235 അടി വീതിയുമുള്ള ക്ഷേത്രത്തിൻ്റെ താഴത്തെ നിലയിൽ 160 സ്തൂപങ്ങളാണ് ഉണ്ടാകുക. രണ്ടാം നിലയിൽ 132 സ്തൂപങ്ങളും മുകള്‍ നിലയിൽ 74 സ്തൂപങ്ങളുമുണ്ടാകും. മൊത്തം അഞ്ച് മണ്ഡപങ്ങളും അയോധ്യ രാമക്ഷേത്രത്തിലുണ്ടാകും.