ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടും; ഇടിമിന്നലിനും കാറ്റിനും സാധ്യത
The rains will intensify again by Wednesday; Chance of thunder and wind
തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായ മഴ ബുധനാഴ്ചയോടു കൂടി വീണ്ടും ശക്തിപ്പെട്ടേകകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേര്‍ന്നാണ് നിലവിൽ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് ദുര്‍ബലമായതോടെയാണ് സംസ്ഥാനത്ത് പലയിടത്തും മഴ ശമിച്ചത്. എന്നാൽ രണ്ട് ദിവസത്തിനു ശേഷം വീണ്ടു മഴ ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂനമര്‍ദ്ദം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം വരും ദിവസങ്ങളിൽ കേരളം ഉള്‍പ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും മഴ കനത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന മൂന്നു നാലു ദിവസത്തേയ്ക്ക് ശക്തമായ മഴ തുടര്‍ന്നേക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങുന്നതിൻ്റെ ഭാഗമായാണ് കിഴക്കൻ കാറ്റ് ശക്തിപ്പെുടന്നത്.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടങ്ങളിലും മഴമേഘങ്ങള്‍ മൂടിയ നിലയിലാണ്. പല ജില്ലകലിലും ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. അതേസമയം, തെക്കൻ കേരളത്തിൽ പല നദികളിലും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ ഇവിടെ വീണ്ടും മഴയുണ്ടായാൽ സ്ഥിതി ആശങ്കാജനകമാകുമെന്നാണ് ദുരന്തനിവാരണ അതോരിറ്റി വ്യക്തമാകുന്നത്. കക്കി, ഷോളയാര്‍, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ ഡാമുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലസേചന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ളചുളളിയാര്‍, പീച്ചി ഡാമുകളിലും റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ബുധനാഴ്ച മുതൽ മഴ ശക്തിപ്പെടുമെന്നും വരുന്ന ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ഥിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികള്‍ സ്വീകരിക്കണെന്നും ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഇതിനോടകം 105 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇടിമിന്നൽ സമയത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും ട്രാക്ടറുകളും പരമാവധി ഒഴിവാക്കണം. കാറുകളിലും ബസുകളിലും സഞ്ചരിക്കുമ്പോള്‍ കൈകളും കാലുകളും പുറത്തിടരുത്. പരമാവധി സമയം വീടുകള്‍ക്കുള്ളിൽ തന്നെ കഴിയണമെന്നും അതോരിറ്റി നിര്‍ദേശിച്ചു. ഇടിമിന്നൽ സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ പോകരുത്. ഇടിമിന്നൽ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യബന്ധനം നിര്‍ത്തി ഉടൻ തന്നെ കരയിലേയ്ക്ക് മടങ്ങണം.