ആധുനിക ഇന്ത്യയുടെ പ്രതീകം: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് രാഷ്ട്രപതി ആശംസയർപ്പിച്ചു
Symbol of modern India: The President congratulated the foundation stone of the Ram Temple
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമാനുസൃതമായി സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം സാമൂഹിക ഐക്യത്തിലും ജനങ്ങളുടെ ഉത്സാഹത്തിലും നിലയുറപ്പിക്കുന്ന ഇന്ത്യയുടെ ആത്മാവിനെയാണ് നിർവചിക്കുന്നതെന്നും രാഷ്ട്രപതി ട്വിറ്റിൽ കുറിച്ചു. രാമരാജ്യത്തിന്റെ മൂല്യങ്ങളുടെ തെളിവായും ആധുനിക ഇന്ത്യയുടെ പ്രതീകമായും അയോധ്യയിലെ രാമക്ഷേത്രം മാറുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. നൂറ്റാണ്ടുകളെ കാത്തിരിപ്പിനാണ് അവസാനമായത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും മനസ്സ് പ്രകാശഭരിതമായെന്നും മോദി പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വെള്ളിശില പാകിയത്. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച പൂജകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ശിലാസ്ഥാപന കർമം നടത്തിയത്. 40 കിലോഗ്രാം തൂക്കമുള്ളതാണ് ഈ വെള്ളിശില. ആദ്യം അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിൽ പാരിജാതത്തൈ നടുകയും ചെയ്തിരുന്നു.
ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ലഖ്നൊവിലെത്തിയ പ്രധാനമന്ത്രി പ്രത്യേക ഹെലി കോപ്റ്ററിലാണ് അയോധ്യയിലെ സാകേത് കോളേജിലെ ഹെലിപ്പാഡിൽ വന്നിറങ്ങുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഹനുമാൻ ഗന്ധി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
175 പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി അടക്കം 5 പേർക്ക് മാത്രമായിരിക്കും വേദിയില്‍ ഇരിപ്പിടമുണ്ടാവുക. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ഉണ്ടായിരുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.