
നന്ദിതാ….
ഇന്നലെ, ജനാലയുടെ അടഞ്ഞ ചില്ലുകൾക്കപ്പുറം
നീ വീണ്ടും വന്നുനിന്നതെന്തിനായിരുന്നു….?
പുറത്ത്, മഴവീശിയടിക്കുന്ന പാതിരക്കാറ്റിൽ
നിന്റെ മുടിയിഴകളിൽ നിന്നും പാറിവീണ വെള്ളം
ജാലകവിടവിലൂടെയൊലിച്ചെത്തി എന്നെതൊട്ടപ്പോ
ഞാനറിയാതുണർന്നുപോയതാണല്ലോ…?
ഉടലിനെയതാര്യമാക്കിക്കൊണ്ട് നീയണിഞ്ഞ
വെളുത്ത പുടവയുടെ തിരയിളക്കത്തിലേയ്ക്ക്
കണ്ണും നട്ട് ഞാനിങ്ങനിരുന്നപ്പോൾ
മഴമുടിയിഴകൾക്കൊപ്പം നീയെന്നിൽ പടർന്നതെന്തിന്…?
പാതിമുറിഞ്ഞ സ്വപ്നത്തിന്റെ നരച്ചകടലാസ്സിൽ
നീയുതിർത്തിട്ട കവിതയുടെ കരിമണിമുത്തുകൾ
എത്രയാവർത്തി കോർത്തും വിളക്കിയും
ഞാനാകെ ക്ഷീണിച്ചുവെന്നു നീയറിഞ്ഞുവോ…?
തീയാട്ടും തിറയുമില്ലാതെ മുഷിഞ്ഞ കവിതത്തറയിൽ
ഉത്സവങ്ങളെല്ലാം തീർന്ന രാമയക്കത്തിലാണ്ട്
പൂജിക്കാൻ ദൈവവും അർഘ്യങ്ങളുമില്ലാത്തവളായി
ഒരുവളിവിടുണ്ടെന്ന് നിനക്കറിയുമായിരുന്നുവോ…?
ജനുവരിയിൽ നിന്നും ഡിസംബറിലേയ്ക്കും
പിന്നെ ശൈത്യത്തിൽ നിന്നും വരൾച്ചയിലേയ്ക്കും
ദോലനം ചെയ്യുന്ന ദിവസങ്ങളുടെ കാണാക്കുരുക്കിൽ
ഞാനിങ്ങനെ തടവുകാരിയാണെന്നു പറഞ്ഞതാരേ?
ഒഴുകിപ്പടരാനൊരു കടലില്ലാതെ
പാടിയറിയിക്കാനൊരു പദമില്ലാതെ
പുകഞ്ഞു കത്തുന്നൊരീ നെയ് വിളക്കിലെ
തീരെദുർബലമായൊരുതിർവെട്ടംപോലെ
“പല ആത്മാക്കളിൽ ഒരേ ഹൃദയമുള്ള”
എന്നിലേയ്ക്കു നീയിങ്ങനെ ആണ്ടിറങ്ങുമ്പോൾ
മുനയൊടിയാറായ ഈ തൂലികത്തുഞ്ചത്ത്
കുരുങ്ങി വിയർക്കുന്ന ജീവന്റെ പക്ഷിയെ
സ്വാതന്ത്ര്യത്തിന്റെ സുവർണ്ണാകാശത്തു പറത്തി
ഞാനും പോന്നേക്കാം നിന്റെ വിരലുപിടിച്ച്….
ഡോ. സി ഉദയകല
മലയാള വിഭാഗം മേധാവി
ആൾസെയ്ന്റ്സ് കോളജ്, തിരുവനന്തപുരം