വൃക്കയിലെ കല്ലിനു പകരം രോഗിയുടെ വൃക്ക തന്നെ എടുത്തു നീക്കി; ഉത്തരവാദിത്തം ആശുപത്രിയ്ക്കെന്ന് കമ്മീഷൻ
The patient's kidney was removed to replace the kidney stone; Commission responsible for hospitalization
അഹമ്മദാബാദ്: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്ക എടുത്തു നീക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്. ഗുജറാത്ത് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ രോഗിയുടെ ബന്ധുവിന് 11.2 ലക്ഷം രൂപ നല്‍കാൻ ആശുപത്രിയോടു ഉത്തരവിട്ടത്. 2012ൽ നടന്ന സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ നടപടി.
വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ രോഗിയുടെ ഇടതുവശത്തെ വൃക്ക തന്നെ എടുത്തു നീക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി നാലു മാസത്തിനു ശേഷം മരിക്കുകയായിരുന്നു. രോഗിയുടെ അവസ്ഥ മോശമാകാൻ കാരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്നു കണ്ടെത്തിയ കമ്മീഷൻ രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ ബാലസിനോറിലെ കെഎംജി ആശുപത്രിയോടു ഉത്തരവിടുകയിരുന്നു. ജീവനക്കാരുടെ അനാസ്ഥയ്ക്ക് ആശുപത്രിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. ജീവനക്കാരുടെ അനാസ്ഥയ്ക്ക് സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ടവരാണ് മറുപടി പറയേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനൊപ്പം 2012 മുതൽ 7.2 ശതമാനം പലിശയും ആശുപത്രി രോഗിയുടെ ബന്ധുക്കള്‍ക്ക് നല്‍കണം.
പത്ത് വര്‍ഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഖേദാ ജില്ലയിലെ വാൻഗ്രോലി ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദ്രഭായ് റാവൽ എന്നയാള്‍ ചികിത്സയ്ക്കായി എത്തിയത്. കെഎംജി ജനറൽ ആശുപത്രിയിലെ ഡോ. ശിവുഭായ് പട്ടേലിനെയായിരുന്നു ഇദ്ദേഹം കണ്ടത്. കഠിനമായ പുറംവേദനയുണ്ടെന്നും മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടന്നും പറഞ്ഞായരുന്നു ഇദ്ദേഹം ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് 2011 മെയിൽ ഇദ്ദേഹത്തിൻ്റെ ഇടതുവശത്തെ വൃക്കയിൽ 14 മില്ലിമീറ്റര്‍ വലുപ്പമുള്ള കല്ലുണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്കായി കൂടുതൽ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിലേയ്ക്ക് മാറാമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും ഇവിടെ തന്നെ തുടരാൻ ദേവേന്ദ്രഭായ് തീരുമാനിക്കുകയായിരുന്നു. 2011 സെപ്റ്റംബര്‍ മൂന്നിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ ശസ്ത്രക്രിയിയിലൂടെ കല്ലിനു പകരം വൃക്ക മൊത്തത്തിൽ നീക്കം ചെയ്തതായി ഡോക്ടര്‍ അറിയിച്ചതോടെ രോഗിയുടെ ബന്ധുക്കള്‍ ഞെട്ടി. രോഗിയുടെ ആരോഗ്യനില പരിഗണിച്ചാണ് വൃക്ക മൊത്തത്തിൽ നീക്കം ചെയ്തതെന്നായാരിന്നു ഡോക്ടര്‍മാരുടെ വിശദീകരണം. എന്നാൽ ഇദ്ദേഹത്തിന് മൂത്രമൊഴിക്കന്നതിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നാദ്യാദിലെ ഒരു വൃക്ക ആശുപത്രിയിലേയ്ക്ക് ഇദ്ദേഹത്തെ മാറ്റി. എന്നാൽ ആരോഗ്യനില കൂടുതൽ മോശമായതോടെ അഹമ്മദാബാദിലെ ഐകെഡിആര്‍സി ആശുപത്രിയിലേയ്ക്ക് മാറ്റുകയും രോഗം ഗുരുതരമായി 2012 ജനുവരി എട്ടിന് ഇദ്ദേഹം മരണപ്പെടുകയുമായിരുന്നു.
ഇതോടെയാണ് ദേവേന്ദ്രഭായിയുടെ ഭാര്യ മിനാബെൻ പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമര്‍പ്പിച്ചത്. ചികിത്സയ്ക്കിടെ ഉണ്ടായ വീഴ്ചയ്ക്ക് രോഗിയുടെ ബന്ധുക്കള്‍ക്ക് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ആശുപത്രിയോടും യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻിസനോടും കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ആശുപത്രിയിലെ രോഗികള്‍ക്കു വേണ്ടി ആശുപത്രി അധികൃതര്‍ ഇൻഷ്വറൻസ് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന വാദത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. എന്നാൽ ഡോക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും വൃക്ക നീക്കം ചെയ്യുന്നതിനു രോഗിയുടെ പക്കൽ നിന്ന് സമ്മതം വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയതോടെ ആശുപത്രി അധികൃതര്‍ തന്നെ രോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.