ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പുതിയ പേര് ഛത്രപതി ശിവജി മ്യൂസിയം; പുതിയതീരുമാവുമായി യോഗി സർക്കാർ
The new name of the Mughal Museum in Agra is Chhatrapati Shivaji Museum; Yogi government with new resolution
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേര്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.
മുഗളന്‍മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്ന് യോഗത്തില്‍ ആദിത്യനാഥ് ചോദിച്ചു. അടിമത്ത മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന ഒന്നിനും ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നും മുഗള്‍ മ്യൂസിയത്തിന്റെ പുനര്‍നാമകരണത്തെ ന്യായീകരിച്ച് അദ്ദേഹം വ്യക്തമാക്കി.
ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജാവിന്റെ പേരില്‍ അറിയപ്പെടും. പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒന്നിനും ഇടമില്ല. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നത്. താജ്മഹലിനോട് ചേര്‍ന്ന് ആറ് എക്കര്‍ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. മുഗള്‍ സംസ്‌കാരം മുഗള്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍, പെയ്ന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അധികാരത്തിലേറിയതുമുതല്‍ ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.