‘സ്വപ്നയുടെ മൊഴിയിലെ ഉന്നതന് ഭഗവാന്റെ പേര്’; കെ സുരേന്ദ്രൻ
‘The name of the Supreme Lord in the word of the dream’; K Surendran
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതന്റെ പേരിലെ സൂചന പുറത്തുവിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭഗവാന്റെ പേരുള്ളയാളാണ് ഉന്നതൻ. എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
“ഉന്നതന്റെ പേര് ഇപ്പോൾ പറയുന്നില്ല. നിയമപരമായി പേരുകൾ പുറത്തുവരുന്നതാണ് നല്ലത്. കേസിൽ ഒരു ഉന്നതന് മാത്രമല്ല പങ്ക്. അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ട്.” കേരളം ഞെട്ടുന്ന കഥകളാണ് പുറത്തുവരാനിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരിനെ അനുകൂലിക്കുന്നവരോ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ഭരണ സംവിധാനമാകെ സ്വർണ്ണക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി നൽകിയ രഹസ്യ മൊഴി ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതരിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പ്രതികളുടെ രഹസ്യ മൊഴി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവർക്കും രാജിവെക്കേണ്ടിവരും. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഹവാലയും റിവേഴ്സ് ഹവാലയും നടത്താൻ കള്ളക്കടത്തുകാരെ ഉപയോഗിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.