Kerala

ശാഖാകുമാരിയെ കൊന്നത് ഷോക്കടിപ്പിച്ചു തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

The killing of Shakha Kumari was shocking; Postmortem report

തിരുവനന്തപുരം: കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് റിപ്പോര്‍ട്ട്. മരിച്ചത് ഷോക്കേറ്റാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഭര്‍ത്താവ് അരുൺ പോലീസിനോടു കൊലക്കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങള്‍ പുറത്തു വരുന്നത്.

കൈ കൊണ്ട് മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതിയായ അരുൺ പോലീസിന് മൊഴി നല്‍കിയിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ ശ്വാസം മുട്ടിച്ചപ്പോള്‍ ശാഖാകുമാരി മരിച്ചിരുന്നില്ലെന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിൻ്റെ അംശവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഫോറൻസിക് സംഘത്തിനു പുറമെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ സംഘവും പരിശോധന നടത്തുന്നുണ്ട്. കിടപ്പുമുറിയിൽ വെച്ച് അരുൺ ശാഖയെ ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷം മുൻവശത്തെ മുറിയിലെത്തിച്ച് ഷോക്കടിപ്പിച്ചെന്ന സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്.

വലിയ സ്വത്തിന് ഉടമയായിരുന്ന ശാഖാകുമാരിയിൽ നിന്ന് സ്വത്ത് കൈക്കലാക്കാനാണ് അരുൺ വിവാഹം കഴിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഏറെക്കാലമായി തുടര്‍ന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം സ്വത്ത് കൈകാര്യം ചെയ്തിരുന്നത് അരുണായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതല്ലാതെ പത്ത് ലക്ഷം രൂപയോളം ശാഖ അരുണിന് നല്‍കിയതായും കാര്‍ വാങ്ങി നൽകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മാസം മുൻപായിരുന്നു 51കാരിയായ ശാഖാകുമാരിയും 26കാരനായ അരുണും വിവാഹിതരായത്. വിവാഹത്തിൻ്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തു വന്നതിനു പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഹോം നഴ്സ് വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അരുൺ അറസ്റ്റിലായത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button