വിദ്യാർഥികൾക്കായി ‘കേരളാ സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത; ‘പ്രണയ ചതിക്കുഴികളെ’ കുറിച്ച് ബോധവത്കരിക്കാനെന്ന് വിശദീകരണം
The Kerala Story movie for catechism students Malayalam News

Malayalam News
ഇടുക്കി: വിവാദ സിനിമയായ കേരളാ സ്‌റ്റോറീസ് വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ ദിവസങ്ങളിലാണ്, ഇടുക്കി രൂപതയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി, വിശ്വാസോത്സവ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരളാ സ്റ്റോറീസ് പ്രദര്‍ശിപ്പിച്ചത്.
പ്രണയ ചതിക്കുഴികളിൽ നിന്നുള്ള ബോധവത്കരണമാണ് ലക്ഷ്യം വച്ചതെന്നാണ് രൂപതയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. എന്നാൽ, ലൗ ജിഹാദ് എന്ന ആരോപണം പരോക്ഷമായി ഉന്നയിക്കുകയാണ് രൂപത. സിനിമയ്ക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി ഉണ്ടെന്നും ഒടിടി പ്ലാറ്റ് ഫോമുകളില്‍ അടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും രൂപത വ്യക്തമാക്കി. മറ്റുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് രൂപതയുടെ നിലപാട്.
റിലീസ് ചെയ്തത് മുതൽ ഏറെ വിവാദമായ ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി. ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സിനിമയുടെ പ്രദർശനം എന്നും അതിന് ദൂരദർശൻ കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.
കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണ വേല ദൂരദർശൻ ഏറ്റെടുക്കരുതെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കമാണ് ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് എന്നാണ് സിപിഎം ആരോപിച്ചത്.
ഈ നീക്കത്തിൽ നിന്നും ദൂരദർശൻ പിന്മാറണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ മതം മാറി മതതീവ്രവാദത്തിന് പോയെന്ന പച്ചക്കള്ളമാണ് കേരള സ്റ്റോറി എന്ന സിനിമ മുന്നോട്ട് വയ്ക്കുന്നതെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇടുക്കി അതിരൂപത സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രം പ്രദർശിപ്പിച്ചത്.
<https://zeenews.india.com/malayalam/kerala/idukki-diocese-screens-the-kerala-story-movie-for-catechism-students-192347