ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പ്രത്യേക വിമാന സംവിധാനമൊരുക്കുമെന്ന് ഇന്ത്യൻ എംബസി
The Indian embassy will arrange special flights for expatriates returning to Qatar
ദോഹ: കോവിഡ് ലോക്ക്ഡൗണ്‍ മൂലം നാട്ടില്‍ അകപ്പെട്ടുപോയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഒരുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ സംവിധാനം വരുന്നതിന് മുൻപ് ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ഉടൻ ഔദ്യോഗികമായി അറിയിക്കുന്നതാണെന്നും എംബസി വ്യക്തമാക്കി.
വന്ദേഭാരത് മിഷൻ വിമാനങ്ങളില്‍ നാട്ടില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് ഖത്തര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായാണ് അറിയുന്നത്.
യുഎഇയിലും കുവൈത്തിലും നേരത്തേ സമാനമായ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കാരെ കൊണ്ടുപോകുന്നതിന് എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. സമാനമായ സംവിധാനം ഖത്തറുമായും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് അറിയുന്നത്. അതിനിടെ സംഘടനകളും ട്രാവല്‍ ഏജന്‍സികളും ഖത്തറിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേഭാരത് വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി ആരോഗ്യ പ്രവര്‍ത്തകരും കമ്പനി ജീവനക്കാരും ഖത്തറിലെത്തിയിരുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തറിലെത്തിയാല്‍ ഒരാഴ്ച്ച ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലാത്തതാണ് കാരണം. ഇത്തരം രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ ഒരാഴ്ച്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന.