മാധ്യമപ്രവർത്തകരുമായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി കൂടികാഴ്ച്ചനടത്തി
The Indian Ambassador to Qatar held a meeting with the media personals
ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ ശക്തവും, അവയുടെ പ്രവർത്തനം മഹത്തരവു മാണെന്ന് അംബാസഡർ ഡോ ദീപക് മിത്തൽ. പുതിയ അംബാസഡറായി ചുമതലയേറ്റതിന് ശേഷം എംബസിയിൽ വിളിച്ചുചേർത്ത ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ചയിൽ സാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ കാര്യങ്ങൾ അറിയിക്കുന്നതുപോലെ തന്നെ ഖത്തറിലെ നിയമസംബന്ധമായതും ഇന്ത്യക്കാരുമായി ബന്ധപ്പെട്ടുള്ളതുമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നത് മാധ്യമങ്ങളാണ്.
ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) എന്ന പേരിൽ വ്യവസ്ഥാപിതമായി സംഘടന തന്നെ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അംബാസഡർ പറഞ്ഞു. പ്രതിസന്ധിയിൽ ഏത് സഹായം ആരു നൽകി എന്നതല്ല, ഇന്ത്യക്കാർ ഒന്നടങ്കം ഒരുമിച്ച് പ്രതിസന്ധിയിൽ പരസ്പരം സഹായിച്ചു എന്നതിനാണ് പ്രാധാന്യമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർപറഞ്ഞു. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി കൂട്ടായി പ്രയത്നിക്കാമെന്നും ഇന്ത്യൻ എംബസി അതിനായി എന്നും എപ്പോഴും കൂടെയുണ്ടാവുമെന്നും ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽവ്യക്തമാക്കി .
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. അവരുടെ ക്ഷേമത്തിനായി വിവിധ നടപടികൾ എംബസിയുടെ നേതൃത്വത്തിൽ കൈകൊള്ളുന്നുണ്ട്. ഖത്തർ സർക്കാറും പ്രവാസികളുടെ ക്ഷേമത്തിനായി മികച്ച നടപടികളാണ് എടുക്കുന്നത്. ഖത്തറിൽ ഇന്ത്യക്കാരുടെ ഐക്യവും സ്നേഹവും പരസ്പര സഹായവും ഏെറ പ്രശംസനീയമാണ്. കോവിഡ് പ്രതിസന്ധിയിൽ ഇത് ഏറെ പ്രതിഫലിച്ചു. വിവിധ സംഘടനകളും വ്യക്തികളും സ് ഥാപനങ്ങളുമെല്ലാം ആവും വിധത്തിൽ പരസ്പരം സഹായിച്ചതിനാൽ നമുക്ക് കോവിഡ് പ്രതിസന്ധിയെ പതിയെ മറകടക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫസ്റ്റ് സെക്രട്ടറി (കൾച്ചർ ആൻറ് എജുക്കേഷൻ) ഹേമന്ദ് കുമാർ ദ്വിവേദി, സെക്കൻറ് സെക്രട്ടറി (ലേബർ ആൻറ് ഇൻഫർമേഷൻ) ഡോ. സോന സോമൻ, അറ്റാഷെ കുൽജീത് സിങ് അറോറ എന്നവരും പങ്കെടുത്തു.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുെട വിവിധ ക്ഷേമപ്രവർത്തതനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് എംബസിയുടെ അനുബന്ധസംഘടനയായ ഐ.സി.ബി.എഫ് സൗജന്യവിമാന ടിക്കറ്റുകളടക്കമുള്ള സഹായങ്ങൾ നൽകി. ഇത് എംബസിയുടെ വെൽഫെയർ ഫണ്ടിൻെറ ഭാഗമാണ്. പ്രതിസന്ധിയിൽ ഏത് സഹായം ആരു നൽകി എന്നതല്ല, ഇന്ത്യക്കാർ ഒന്നടങ്കം ഒരുമിച്ച് പ്രതിസന്ധിയിൽ പരസ്പരം സഹായിച്ചു എന്നതിനാണ് പ്രാധാന്യമെന്നും അംബാസഡർ പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ എംബസിയുടെ സേവനം ആവശ്യമുള്ളവർക്ക് അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എംബസിയുടെ ഓപൺഹൗസ് നിലവിൽ ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്. എംബസിയുടെ വെബ്സൈറ്റിൽ അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാനുള്ള ഫോൺ നമ്പറിലും ഇത്തരം ഘട്ടങ്ങളിൽ ബന്ധപ്പെടാനാകും. അല്ലെങ്കിൽ മെയിൽ വഴിയും അടിയന്തര സഹായങ്ങൾ ആവശ്യപ്പെടാം. ഇത്തരം ഘട്ടങ്ങഴിൽ ഉടൻ തന്നെ എംബസി സേവനം നൽകുന്നതായിരിക്കുമെന്നും അംബാസഡർ പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതുവരെ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 70,000 ഇന്ത്യക്കാരാണെന്ന് അംബാസഡർ പറഞ്ഞു. വന്ദേഭാരത്, വിവിധ ചാർട്ടേർഡ് വിമാനങ്ങൾ വഴിയും നിലവിലുള്ള എയർബബ്ൾ കരാർ അനുസരിച്ച് സർവീസ് നടത്തുന്ന വിമാനങ്ങൾ വഴിയും ഇന്ത്യയിലേക്ക് മടങ്ങിയവരാണിവർ. കോവിഡ് മൂലം എത്ര ഇന്ത്യക്കാർ മരിച്ചു എന്ന കൃത്യമായ കണക്ക് ഇല്ല. എന്നാൽ ഈ മാസങ്ങളിൽ 200ലധികം ഇന്ത്യക്കാർ മരിച്ചിട്ടുണ്ട്. അതു കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല.
എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) നടത്തുന്ന പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏറെ പ്രയോജനകരമാണ്. അതിൽ എല്ലാ ഇന്ത്യക്കാരും അംഗങ്ങളാവണം. ഇതിനകം നിരവധി പേർക്ക് അതിൻെറ ഗുണം ലഭിച്ചു. ചെറിയ പ്രീമിയത്തിന് വൻതുകയാണ് ഇൻഷുറസ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇൻഷുറൻസ് പദ്ധതി നടത്തുന്നത്. 125 റിയാൽ ആണ് രണ്ട് വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽബോർഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നൽകും. ഖത്തർ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത് രാജ്യത്ത് വച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും.
റിപ്പോർട്ട്: ഷഫീക് അറക്കൽ