ലൈഫ് മിഷൻ കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
The High Court has said that the CBI can continue its probe into the Life Mission case
കൊച്ചി: ലൈഫ് മിഷൻ കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള നിർദ്ദേശം. സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കി അന്വേഷണം അവസാനിപ്പിക്കണമെന്നുള്ള സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇത് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. യുണിടാക്കും റെഡ്ക്രെസന്റും തമ്മിലാണ് ധാരണാ പത്രം കൈമാറിയതെന്നും സർക്കാരിന് പങ്കില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ലൈഫ്മിഷൻ ഇല്ലെങ്കിൽ യുണിടാക്കിന് പണം ലഭിക്കുമോയെന്ന് കോടതി ചോദിച്ചു.
ഫ്ലാറ്റ് പണിയുന്നതിനുള്ള സ്ഥലം മാത്രമാണ് ലൈഫ് മിഷൻ നൽകിയത്. റെഡ്ക്രെസന്റ് പണം നൽകിയത് കരാറുകാർക്കാണ്. അതിനാൽ എഫ്സിആർഎ ചട്ടങ്ങൾ ഇടപാടിന് ബാധകമാകില്ലെന്നും ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയ പ്രേരിതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി അരുണിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ ഒപ്പിട്ട ധാരണാപത്രമാണ് അന്വേഷണത്തിന് ആധാരമെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ സാധിക്കൂ എന്നും സിബിഐ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ആൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കാൻ ആവശ്യപ്പെടാൻ കഴിയുകയെന്നും സിബിഐ ചോദിച്ചു.