KeralaReal Stories

ഷൊർണൂരിൽ സർപ്പവ്യൂഹം തീർത്ത കലാകാരൻ അരങ്ങൊഴിഞ്ഞു

The great drama artist and writer PRC passed away

ഭാരതപുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ സാംസ്ക്കാരിക വളകൂറുള്ള ഒരു പ്രദേശമാണ് ദക്ഷിണ റെയിൽവേയുടെ ഭൂപടത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന ഷൊർണൂർ. ഒരുപാട് കലാകാരൻമാർക്ക് ജന്മം നൽകുകയും കർമ്മം കൊണ്ട് വളർത്തുകയും ചെയ്ത മണ്ണായ ഷൊർണൂരിൽ അന്നുമിന്നും നാടകങ്ങളെയും നാടക കലാകാരൻമാരെയും നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരു ജനതയെ കാണാം. ഇതിൽ വേറിട്ട് നിൽക്കുന്ന ഒരു പ്രതിഭയാണ് ഒരൊറ്റ നാടകം കൊണ്ട് ഷൊർണൂരിലെ അമേച്ചർ നാടക പ്രസ്ഥാനത്തിൽ ചിരപ്രതിഷ്ഠ നേടിയ PRC എന്ന പി. രാമചന്ദ്രൻ.

1970 കൾ ഷൊർണൂരിന്റെ പ്രതാപകാലം തന്നെയായിരുന്നു. കേരളത്തിലെ ഏറ്റവും വലുതും തിരക്കുള്ളതുമായ ഒരു റെയിൽവേ സ്‌റ്റേഷനായിരുന്നു ഷൊർണൂർ ജംഗ്ഷൻ. നാല് പുറത്ത് നിന്നും വരുന്ന തീവണ്ടികളിൽ നിന്നും ദിനംപ്രതി ഒരുപാട് ജനങ്ങൾ ഷൊർണൂരിൽ എത്തിയിരുന്നു. തൻമൂലം സ്‌റ്റേഷൻ പരിസരമെല്ലാം തട്ടിപ്പുകാരുടെയും വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരുടെയും താവളമായി മാറുകയും ഒട്ടനവധി ഭീതിജനകമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഷൊർണൂർ. ഇത്തരം ഒരു സാമൂഹ്യ പശ്ചാത്തലത്തിലേക്കാണ് ഇന്ത്യൻ റെയിൽവേയിൽ ഐ ഒ ഡബ്ലിയു ജീവനക്കാരനായ 34 വയസ്സുള്ള പി. രാമചന്ദ്രൻ എന്ന യുവപ്രതിഭയുടെ മിന്നലാട്ടം.

ഷൊർണൂരിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ പ്രമേയവുമായി തന്റെ തൂലിക കൊണ്ട് സമൂഹത്തിന് മുമ്പിൽ ഒരുക്കിയ പ്രതിബിംബമായിരുന്നു സർപ്പവ്യൂഹം എന്ന നാടകം. 1975 ഫെബ്രുവരി 6 ന് ഷൊർണൂർ പട്ടണത്തിലെ ജവഹർ തിയ്യറ്ററിൽ ലീഡേഴ്സ് ആർട്ട്സ് & സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന സർപ്പവ്യൂഹം എന്ന നാടകം അരങ്ങത്തെത്തി. നാടക രചന പി. രാമചന്ദ്രൻ. നാടകം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രമേയത്തെ ഭയപ്പെട്ടിരുന്ന ഒരു കൂട്ടർ വേദിയിലേക്ക് അതിക്രമിച്ച് കയറുകയും നാടകം അലങ്കോലമായി നടീ നടൻമാരും മറ്റു സാങ്കേതിക പ്രവർത്തകരും ജീവനും കൊണ്ട് നാനാവഴിയോടി.

ഒരു കലാകാരൻ സമൂഹത്തോട് നീതി പുലർത്തുക എപ്പോഴും തന്റെ പ്രതിഭയിലുടെയാണ്. പി. രാമചന്ദ്രൻ എന്ന പ്രതിഭ തനിക്ക് സമൂഹത്തോട് പറയുവാനുള്ള വസ്തുതകൾക്ക് തടസ്സം സൃഷ്ടിച്ചവരെ നേരിടുവാൻ ശീലമില്ലാത്തതിനാൽ തന്റെ വികാരങ്ങളെ ഉള്ളിലൊതുക്കുകയായിരുന്നു. രാമചന്ദ്രന്റെ മുറിവേറ്റ മനസിലെ ജ്വലിക്കുന്ന കനൽ തിരിച്ചറിഞ്ഞ കലാഹൃദയമുള്ള ഒരു റെയിൽവേ ഓഫീസർ നാടകം വീണ്ടും അരങ്ങത്തെത്തിക്കുവാൻ പോലീസ് സംരക്ഷണം തേടി. അങ്ങിനെ 1975 മെയ് മാസത്തിൽ ഗണേശഗിരി ശ്രീ മഹാഗണപതി ക്ഷേത്ര മൈതാനത്ത് പോലീസ് സംരക്ഷണത്തിൽ സർപ്പ വ്യൂഹം എന്ന നാടകം പുർണ്ണമായും അരങ്ങേറി.

ഗണേശൻ വസിക്കന്ന ഗണേശഗിരിയിലെയും ചുറ്റുവട്ടങ്ങളിലെയും ഒട്ടുമിക്ക നാടക പ്രവർത്തകരും പി. രാമചന്ദ്രൻ എന്ന പി. ആർ. സി. യുടെ ആരാധകരാണ്. രാമചന്ദ്രൻ സരോജിനി ദമ്പതികളുടെ മുരളി ബാബു, ബിന്ദു, ബൈജു, ബിജു എന്നീ നാല് മക്കളിൽ മൂത്തവൻ മുരളി ബാബു തന്റെ പിതാവിന്റെ യശസ്സുയർത്തുന്ന ഒരു നാടക കലാകാരനാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ്. സമൂഹത്തിലെ നെറികേടുകൾക്കെതിരെ തൂലിക കൊണ്ട് വിഷം ചീറ്റിയ ഷൊർണൂർ കുന്നത്താഴത്ത് പറപ്പാട്ടിൽ രാമചന്ദ്രൻ എന്ന നാടക പ്രേമികളുടെ സ്വന്തം പിആർസി യുടെ ജീവിതത്തിന്റെ തിരശീല എന്നെന്നേക്കുമായി താഴ്ന്നിരിക്കുന്നു.

തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button